'എന്നെ കാണാൻ ആര് വരാനാണ്?'; ഓർമ്മ നശിച്ച് അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി, നടൻ ടിപി മാധവൻ

By സമകാലികമലയാളം ഡെസ്ക്   |   Published: 02nd September 2023 04:56 PM  |  

Last Updated: 02nd September 2023 04:56 PM  |   A+A-   |  

tp_madhavan_image

ടിപി മാധവൻ

 

തെളിച്ചമില്ലാത്ത ഓർമ്മയുമായി ഒരുകാലത്ത് മലയാളസിനിമയിലെ നിറസാന്നദ്ധ്യമായിരുന്ന ടിപി മാധവൻ. ​താരങ്ങളെയോ താരത്തിളക്കമോ അദ്ദേഹത്തിന് ഓർമ്മയില്ല. അറുനൂറോളം സിനിമകളിൽ അഭിനയിച്ച 'അമ്മ'യുടെ ആദ്യ ജനറൽ സെക്രട്ടറി ഇപ്പോൾ പത്തനാപുരത്തെ ​ഗാന്ധിഭവനിൽ ഓർമ്മകൾ നഷ്‌ടപ്പെട്ട് കഴിയുകയാണ്. ​

ഓണത്തിന് ​ഗാന്ധിഭവൻ പങ്കുവെച്ച വിഡിയോയിൽ പുതുവസ്ത്രം ധരിച്ച് ചാരുകസേരയിൽ ഇരുക്കുന്ന അദ്ദേഹം പഴയകാലം ഓർത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ്. എട്ട് വർഷമായി ടിപി മാധവൻ ​ഗാന്ധിഭവനിലെ അന്തേവാസിയാണ്. അവസാനകാലം വരെ അദ്ദേത്തെ ​ഗാന്ധിഭവൻ സംരക്ഷിക്കുമെന്ന് ​ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു.

'എന്നെ കാണാൻ ആര് വരാനാണ്, ഇന്നലെ അച്ഛൻ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണം വളരെ ഗംഭീരമായിരുന്നു- ടിപി മാധവൻ പറഞ്ഞു. 

ഗാന്ധിഭവനിലെ പ്രധാന ഓഫിസിന് മുകളിലുള്ള മുറിയാണ് അദ്ദേഹം താമസിക്കുന്നത്. മുറിയിലെ അലമാരിയിൽ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളെല്ലാം അടുക്കി വെച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിന് ശേഷമാണ് പ്രേം നസീർ പുരസ്‌കാരവും രാമു കാര്യാട്ട് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചത്.

ഹരിദ്വാറിൽ തീർഥാടനത്തിന് പോയ അദ്ദേഹം അവിടെവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിച്ചു.

സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൊൽക്കത്തയിലും മറ്റും പരസ്യ ഏജൻസികൾ നടത്തിയിരുന്നു. നാൽപതാമത്തെ വയസ്സിലാണ് സിനിമയിൽ എത്തുന്നത്. മധു സംവിധാനം ചെയ്ത 'പ്രിയ' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി 10 വർഷം പ്രവർത്തിച്ചു. കുടുംബാം​ഗങ്ങളും അദ്ദേഹത്തെ തേടി ഇവിടെ ‌വന്നിട്ടില്ല. അദ്ദേഹത്തിന്റെ മകൻ ഗാന്ധിഭവനിൽ വന്നിരുന്നു എന്ന വാർത്ത വ്യാജമാണെന്നും അമൽ രാജ് പറഞ്ഞു. 

'എട്ടുവർഷത്തിനിടെ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയിൽ നിന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എത്തിയത്. പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെബി ഗണേഷ്‌കുമാർ ഇടക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. നടൻ സുരേഷ് ഗോപി അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങൾ ചെയ്തിരുന്നു. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിട്ടുള്ളത്. ഒരുപാട് സഹപ്രവർത്തകരെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓർമയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. ഈ ഓണക്കാലത്തെങ്കിലും അദ്ദേഹത്തെ തേടി ഒരു ഫോൺ കോൾ എങ്കിലും എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു'– അമൽ രാജ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ