സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്.
Balachandra Kumar
പി ബാലചന്ദ്രകുമാർ
Updated on

ആലപ്പുഴ: സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. വൃക്ക രോഗം ​ഗുരുതരമായതിനെ തുടർന്ന് ബാലചന്ദ്രകുമാറിന്റെ കുടുംബം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടിയിരുന്നു. വൃക്ക രോ​ഗം കൂടാതെ ബാലചന്ദ്രകുമാറിന് തലച്ചോറിൽ അണുബാധയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ ആരോ​ഗ്യനില ​ഗുരുതരമാകുകയായിരുന്നു.

ആസിഫ് അലി നായകനായെത്തിയ കൗബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് രണ്ടാംഘട്ട അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈയിലെത്തിയെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നീക്കം നടത്തിയെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ദിലീപുമായി ബന്ധപ്പെട്ട ചില ഓഡിയോകള്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് ദിലീപിനെതിരെ ഇദ്ദേഹം നല്‍കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com