

ബംഗളൂരു: ചിക്കമഗളൂരുവിലെ രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് നടി ശില്പ ഷെട്ടി. വീരഭദ്ര എന്നു പേരിട്ടിരിക്കുന്ന യന്ത്ര ആനയ്ക്ക് മൂന്നുമീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമാണുള്ളത്. പത്തുലക്ഷം രൂപ ചെലവില്‍ റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ആനയെ നിർമിച്ചിരിക്കുന്നത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. 5 മോട്ടോറുകളാണ് ഈ യന്ത്ര ആനയിൽ ഘടിപ്പിച്ചിരിക്കുന്നത്.
ചെവികള്‍ ആട്ടുകയും തലയും തുമ്പിക്കൈയും വാലും ഇളക്കുകയും ചെയ്യും. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമര്‍പ്പിച്ചത്. ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്‌ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. സമര്‍പ്പണച്ചടങ്ങില്‍ കർണാടക വനംവകുപ്പു മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ, ഊര്‍ജവകുപ്പു മന്ത്രി കെ ജെ ജോര്‍ജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെറ്റയും (പീപ്പിള്‍ ഓഫ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അണ്‍ലിമിറ്റഡ് പ്ലസ് ആക്ഷന്‍) യന്ത്ര ആനയെ സമര്‍പ്പിക്കാന്‍ വഴിയൊരുക്കിയത്. ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളില്‍ യന്ത്ര ആനകളായെന്ന് 'പെറ്റ' അറിയിച്ചു.
അടുത്തിടെ തൃശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടി പാര്‍വതി തിരുവോത്ത് ഒരു യന്ത്ര ആനയെ സംഭാവന നല്‍കിയിരുന്നു. ബോളിവുഡ് നടി അദ ശര്‍മയും ഒരു ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates