ഷാരൂഖും ആമിറും ആ സിനിമയുടെ ഓഫർ നിരസിച്ചു! പിന്നീട് പിറന്നത് ചരിത്രം; കണ്ടിരിക്കേണ്ട ശ്യാം ബെന​ഗൽ ചിത്രങ്ങൾ

എല്ലാ വിഭാ​ഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന്റെ സിനിമകൾക്കായി.
Shyam Benegal
ശ്യാം ബെന​ഗൽഫെയ്സ്ബുക്ക്

മനുഷ്യാവസ്ഥകളുടെ വ്യത്യസ്ത ഭാവങ്ങൾ ആവിഷ്കരിച്ച അതുല്യ ചലച്ചിത്രകാരനായിരുന്നു ശ്യാം ബെന​ഗൽ. ശക്തമായ ആഖ്യാനങ്ങളും, സാമൂഹിക യാഥാർഥ്യങ്ങളുടെ തീവ്രമായ ചിത്രീകരണവുമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ കാതൽ. ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന വിവേചനമായിരുന്നു ശ്യാം ബെന​ഗലിന്റെ സിനിമകളിൽ നിറഞ്ഞു നിന്ന മറ്റൊരു പ്രത്യേകത. എല്ലാ വിഭാ​ഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന്റെ സിനിമകൾക്കായി.

അദ്ദേഹത്തിന്റെ അങ്കുർ, മണ്ഡി, മന്ഥൻ തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യയിലെ സമാന്തര സിനിമയുടെ എന്നെന്നുമുള്ള സാക്ഷ്യങ്ങളാണ്. ഇന്ത്യന്‍ സമാന്തര സിനിമയുടെ ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായിരുന്നു ശ്യാം ബെനഗല്‍ ചിത്രങ്ങള്‍. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതകള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. ശ്യാം ബെന​ഗലിന്റെ ശ്രദ്ധേയമായ ചില സിനിമകളിലൂടെ.

1. മന്ഥൻ

മന്ഥൻ
മന്ഥൻ

ജനകീയ പങ്കാളിത്തതോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ സിനിമയായിരുന്നു മന്ഥൻ. 1976 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഡോ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ക്ഷീര വിപ്ലവത്തെയും അമൂലിന്റെ വിജയഗാഥയേയും ആസ്ദപമാക്കിയായിരുന്നു ചിത്രമൊരുക്കിയത്. അമൂലിന്റെ ഭാഗമായ 5 ലക്ഷം ക്ഷീര കർഷകരിൽ നിന്ന് 2 രൂപ വീതം സമാഹരിച്ചാണ് ചിത്രം നിർമിച്ചത്.

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ നാമനിർദേശവും ചിത്രത്തിന് ലഭിച്ചു. അന്തരിച്ച നടി സ്‌മിതാ പാട്ടിൽ, ഗിരീഷ് കർണാട്, നസീറുദ്ദീൻ ഷാ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. മന്ഥൻ മികച്ച ഹിന്ദി ഫീച്ചർ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരം നേടി. ബെനഗലിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മന്ഥൻ.

2. അങ്കുർ

അങ്കുർ
അങ്കുർ

അങ്കുര്‍ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ശ്യാം ബെനഗൽ ചലച്ചിത്ര രം​ഗത്തേക്ക് കടക്കുന്നത്. അനന്ത്‌ നാ​ഗും ശബാന ആസ്മിയും ആയിരുന്നു ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ഇരുവരുടേയും ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 1974 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി അങ്കുര്‍ മാറി. നിരൂപക പ്രശംസ നേടിയ ചിത്രം രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹമായി. ശബാന ആസ്മിക്ക് മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തതും അങ്കുര്‍ തന്നെയായിരുന്നു.

3. മണ്ഡി

മണ്ഡി
മണ്ഡി

ലൈം​ഗികത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കിയൊരുക്കിയ സിനിമ ഇത്. ബെന​ഗലിന്റെ ഏറ്റവും മികച്ച സിനിമയായി പരി​ഗണിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ശബാന ആസ്മിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗുലാം അബ്ബാസിൻ്റെ ആനന്ദി എന്ന ഉർദു ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രമൊരുക്കിയത്. സ്മിതാ പാട്ടീൽ, നസിറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമായി.

4. സുബൈദ

സുബൈദ
സുബൈദ

അന്തരിച്ച നടിയും ഗായികയുമായ സുബൈദ ബീഗത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. കരിഷ്മ കപൂർ ആയിരുന്നു സുബൈദ ബീ​ഗം എന്ന കഥാപാത്രമായെത്തിയത്. രേഖ, മനോജ് ബാജ്‌പേയി, അമരീഷ് പുരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. 2001 ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാൽ ചിത്രത്തിൽ മനോജ് ബാജ്പേയി അവതരിപ്പിച്ച മഹാരാജ വിജയേന്ദ്ര എന്ന കഥാപാത്രത്തിനായി ആദ്യം ബെന​ഗൽ സമീപിച്ചത് അദ്ദേഹത്തെ ആയിരുന്നില്ല.

ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അനിൽ കപൂർ എന്നിവരെയായിരുന്നു ബെന​ഗൽ ആദ്യം പരി​ഗണിച്ചത്. എന്നാൽ മൂവരും അദ്ദേഹത്തിന്റെ ഓഫർ നിരസിക്കുകയും ഒടുവിൽ ആ വേഷം മനോജ് ബാജ്പേയെ തേടിയെത്തുകയുമായിരുന്നു. ബോളിവുഡിലെ ഏറ്റവും മാജിക്കലും വിഷാദാത്മകവുമായ ചിത്രങ്ങളിലൊന്നായാണ് സുബൈദ കണക്കാക്കപ്പെടുന്നത്. മനോജ് ബാജ്പേയുടെയും കരിഷ്മ കപൂറിന്റെയും കരിയറിൽ ചിത്രം വൻ വഴിത്തിരിവായി മാറുകയും ചെയ്തു.

5. നിശാന്ത്

നിശാന്ത്
നിശാന്ത്

ശ്യാം ബെനഗൽ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ ചിത്രമാണ് നിശാന്ത്. ഗിരീഷ് കർണാഡ്, അമരീഷ് പുരി, ശബാന ആസ്മി, മോഹൻ അഗാഷെ, അനന്ത് നാഗ്, സ്മിതാ പാട്ടീൽ, നസിറുദ്ദീൻ ഷാ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിനായി അണിനിരന്നു. മികച്ച ഫീച്ചർ ഫിലിമിനുള്ള 1977ലെ ദേശീയ ചലച്ചിത്ര അവാർഡ് ഈ ചിത്രം നേടി. 1976 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓറിനായി മത്സരിക്കാനും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com