റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി തിയറ്ററുകളിൽ വിജയഗാഥ തുടരുകയാണ് അല്ലു അർജുന്റെ പുഷ്പ 2. ഇതിനോടകം തന്നെ ആയിരം കോടിയ്ക്ക് മുകളിലെത്തി കഴിഞ്ഞു ചിത്രം. ഇതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ 2 മാറിക്കഴിഞ്ഞു. പുഷ്പ 2വിന്റെ വന്‍ വിജയത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സുകുമാര്‍.
റാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ പ്രീ റിലീസ് ചടങ്ങിലാണ് സുകുമാര്‍ സംസാരിച്ചത്. ചടങ്ങിനിടെ ഏത് കാര്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തോടാണ് സുകുമാര്‍ പ്രതികരിച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ "സിനിമ" എന്ന് സുകുമാർ മറുപടി പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ മറുപടി ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചു. നടൻ റാം ചരണും സുകുമാറിന്റെ വാക്ക് കേട്ട് ഞെട്ടി. ഉടൻ തന്നെ റാം ചരണ്‍ സുകുമാറില്‍ നിന്ന് മൈക്ക് വാങ്ങി, നിങ്ങള്‍ ഒരിക്കലും സിനിമ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു. ഈ സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം പുഷ്പ 2 പ്രീമിയറിനിടെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് സുകുമാറിന്റെ പ്രസ്താവന എന്നത് ഏറെ ശ്രദ്ധേയമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക