രണ്ടാമൂഴം സിനിമയാക്കാൻ സാധിക്കാത്തതിലുള്ള ദുഃഖം പങ്കുവച്ച് സംവിധായകൻ വി എ ശ്രീകുമാർ. രണ്ടാമൂഴം സിനിമയാവുകയെന്നത് എംടിയുടെ വലിയ ആഗ്രഹമായിരുന്നെന്നും അത് സാധിക്കാതിരുന്നതിൽ തന്നേക്കാൾ നിരാശ അദ്ദേഹത്തിനായിരിക്കുമെന്നും ശ്രീകുമാർ പറഞ്ഞു. ഒരു മകനെപ്പോലെയും അദ്ദേഹം തന്നെ കണ്ടത്. കുറ്റബോധത്തെക്കാൾ കൂടുതൽ തനിക്ക് വിഷമമാണുള്ളതെന്നും വി എ ശ്രീകുമാർ കൂട്ടിച്ചേർത്തു. എംടിക്ക് അന്ത്യമോപചാരം അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമകനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. ഈ വീട്ടിൽ വച്ചാണ് രണ്ടാമൂഴത്തിന്റെ സ്ക്രിപ്റ്റ് തരാമോയെന്ന് അദ്ദേഹത്തിനോട് ആദ്യം ചോദിക്കുന്നത്. മൂന്നാമത്തെ തവണ വന്നപ്പോഴാണ് അദ്ദേഹം അതിന് സമ്മതിച്ചത്. അതിന്റെ സീൻ ബൈ സീൻ അദ്ദേഹം വായിച്ചുതരിക, ഞാൻ നോട്ടെഴുതുക അങ്ങനെ വലിയ വലിയ അനുഭവങ്ങളിലൂടെ കടന്നുപോയി. രണ്ടാമൂഴം സിനിമയാകാത്തതിൽ എന്നെക്കാൾ നിരാശ അദ്ദേഹത്തിനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ടാമൂഴം സിനിമയാവുകയെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ് അതൊരു സിനിമയായി മാറുകയെന്നത്.- ശ്രീകുമാർ പറഞ്ഞു.
രണ്ടാമൂഴം സിനിമായാക്കാൻ പറ്റാത്തത് തനിക്ക് വ്യക്തിപരമായ നഷ്ടമാണ് എന്നാണ് ശ്രീകുമാർ പറയുന്നത്. ആയിരം കോടിക്ക് മുകളിൽ ചെലവുള്ള സിനിമായിരുന്നു അത്. നിർമാതാവിനെ തേടി ഒരുപാട് നടന്നു. ഒടുവിൽ ബി.ആർ ഷെട്ടി അതിന് തയ്യാറായിവന്നു. ഷെട്ടിയുടെ ബിസിനസ് തകർന്നു. എല്ലാവലിയ പ്രൊജക്റ്റുകൾക്കും ഒരുയോഗമുണ്ട്. അതിന് എനിക്ക് യോഗമില്ല. കുറ്റബോധത്തെക്കാൾ കൂടുതൽ എനിക്ക് വിഷമമാണ്. ലോകപ്രശസ്ത ടെക്നീഷ്യൻസ് ആ സിനിമയുടെ ഭാഗമാകേണ്ടിയിരുന്നു. ആ ചർച്ചകളില്ലെല്ലാം എം.ടി. പങ്കെടുത്തിരുന്നു. സിനിമയാക്കാൻ പറ്റാത്തതിൽ ആ വാക്ക് പാലിക്കാൻ പറ്റാത്തതിൽ കുറ്റബോധമുണ്ട്- വി എ ശ്രീകുമാർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക