
ഒരുവശത്ത് നല്ല സിനിമകൾ മോളിവുഡിന്റെ ഖ്യാതി കൂട്ടിയപ്പോൾ മറുവശത്ത് പെരുമ്പാമ്പിനെപ്പോല വിവാദങ്ങളും മലയാള സിനിമയെ ചുറ്റിവരിഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെയായിരുന്നു വിവാദങ്ങളിൽ ആളി കത്തി നിന്നത്. മോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമ തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടി വിറച്ചു എന്ന് വേണം പറയാൻ.
ആർക്കെതിരെ ആര്, എപ്പോൾ, എന്ത് പറയുമെന്ന് പോലും മലയാളികൾ ഉറ്റുനോക്കിയിരുന്ന സമയം വരെ ഉണ്ടായി എന്നതാണ് യാഥാർഥ്യം. പോയ വർഷം മോളിവുഡിൽ അലയടിച്ച വിവാദങ്ങളിലൂടെ.
ഹേമ കമ്മിറ്റി റിപ്പോർട്ട് അക്ഷരാർഥത്തിൽ മലയാള സിനിമാ ലോകത്തിന് വലിയൊരു ഷോക്കായിരുന്നു. ഈ വർഷം ഓഗസ്റ്റ് 19 നാണ് 235 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. പ്രമുഖരായ നടൻമാർക്കും സംവിധായകർക്കും അണിയറപ്രവർത്തകർക്കുമെതിരെ വരെ സ്ത്രീകൾ രംഗത്തെത്തി. ലൈംഗികാതിക്രമവും കാസ്റ്റിങ് കൗച്ചും ലിംഗ വിവേചനവും വരെ സ്ത്രീകൾ ഒന്നൊന്നായി തുറന്നു പറഞ്ഞു. ഇതിന് പിന്നാലെ നടൻമാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, മണിയൻപിള്ള രാജു, സംവിധായകൻ രഞ്ജിത് എന്നിവർക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ പരാതിയും വന്നു. പിന്നാലെ താരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
നിൽക്കക്കള്ളിയില്ലാതായതോടെ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത് രാജിവച്ചു. താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായതും വളരെ പെട്ടെന്നായിരുന്നു. പ്രസിഡൻറ് മോഹൻലാൽ ഉൾപ്പെടെ സംഘടനയുടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവച്ചതോടെ സംഘടനയിൽ പ്രതിസന്ധി രൂക്ഷമായി. ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിച്ചു.
പിന്നാലെ നടൻ ബാബുരാജിന് പകരം ചുമതല നൽകിയെങ്കിലും, ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞ് ഒരു ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത് വന്നതോടെ ബാബു രാജിന് മുന്നിലും വഴി ഇരുളടഞ്ഞതായി. ഇതോടെയാണ് അമ്മ യോഗത്തിൽ പ്രസിഡൻറ് മോഹൻലാൽ അടക്കം 17 എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജി സമർപ്പിച്ചത്.
ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതവും വിവാദങ്ങളിലകപ്പെട്ടു. നോവലിലെ നജീബ് ആടുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബെന്യാമിൻ ഉൾപ്പെടുത്തിയിരുന്നു. ഈ രംഗം ഷൂട്ട് ചെയ്തിരുന്നെന്നും സെൻസർ ബോർഡ് കട്ട് ചെയ്യുകയായിരുന്നെന്നും ബെന്യാമിൻ പറഞ്ഞപ്പോൾ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്തിട്ടില്ലെന്നായിരുന്നു സംവിധായകൻ ബ്ലെസിയുടെ വെളിപ്പെടുത്തൽ. സംഭവം സമൂഹ മാധ്യമങ്ങളിൽ വൻ വിവാദങ്ങൾക്കിടയാക്കുകയും പ്രമുഖരടക്കം പ്രതികരണവുമായി എത്തുകയും ചെയ്തു. നജീബും ഇത്തരം വിവാദങ്ങൾ തനിക്ക് വിഷമമുണ്ടാക്കുന്നതാണെന്ന് തുറന്നു പറഞ്ഞു.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ജോജു വിവാദം വിളിച്ചു വരുത്തിയത്. ചിത്രത്തെ വിമർശിച്ച് റിവ്യൂ പങ്കിട്ട വിദ്യാർഥിയെ ജോജു ഫോണിൽ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വിവാദം. ജോജുവിന്റെ ഫോൺ സംഭാഷണം വിദ്യാർഥി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ, തന്റെ പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ് ജോജു തന്നെ രംഗത്തെത്തുകയും ചെയ്തു.
സണ്ണി വെയ്ൻ, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ചിത്രമാണ് ടർക്കിഷ് തർക്കം. നവംബർ 22നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഒരു സംസ്ക്കാരച്ചടങ്ങുമായി ബന്ധപ്പെട്ട തർക്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മതനിന്ദ ആക്ഷേപം വന്നതിനെ തുടർന്ന് 'ടർക്കിഷ് തർക്കം' തിയറ്ററിൽ നിന്ന് പിൻവലിക്കുകയാണെന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുടെ വാദം വിവാദമാവുകയായിരുന്നു. സിനിമ തിയറ്ററിൽ നിന്ന് പിൻവലിച്ചതോടെ ചിത്രത്തിലെ നടൻമാരായ സണ്ണി വെയ്നും ലുക്മാനും രംഗത്തെത്തുകയും ചെയ്തു.
തങ്ങൾക്ക് യാതൊരുവിധ ഭീഷണിയുമുണ്ടായിട്ടില്ലെന്നും ചിത്രം പിൻവലിച്ചത് അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നും താരങ്ങൾ പറഞ്ഞു. ഈ സിനിമയായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണമെന്നും നടൻ ലുക്മാൻ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയൊരുക്കിയ മനോരഥങ്ങളുടെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചതും വിവാദമായി. സംഭവത്തിൽ രമേശ് നാരായണനെതിരെ വൻ പ്രതിഷേധമുയർന്നു. മനോരഥങ്ങളിൽ ഒരു സിനിമയ്ക്ക് സംഗീതമൊരുക്കിയത് രമേശായിരുന്നു.
രമേശ് നാരായണന് മൊമന്‍റോ നല്കാനാണ് ആസിഫ് അലിയെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ നടന്‍ മൊമന്‍റോ നല്‍കിയത് നോക്കാനോ ഹസ്തദാനം നല്‍കാനോ രമേശ് തയ്യാറായില്ല. ഇതിനിടെ സംവിധായകന്‍ ജയരാജിനെ വിളിച്ച് മൊമന്‍റോ ഏല്‍പ്പിച്ച് അത് തനിക്ക് നല്‍കാനും രമേശ് ആവശ്യപ്പെടുകയും ചെയ്തു. ഇതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ മാത്രമാണ് ആസിഫ് നോക്കി കണ്ടത്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരൻ ബി ജയമോഹൻ നടത്തിയ പരാമർശവും വിവാദമായി മാറി. ബ്ലോഗിലൂടെയാണ് ജയമോഹൻ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെയായിരുന്നു ജയമോഹന്റെ ബ്ലോഗ്.
സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ 'പൊറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിലൂടെ പറഞ്ഞതും വൻ വിവാദമായി മാറി.
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസിനെതിരെയും വിവാദമുണ്ടായി. പ്രവാസി മലയാളിയായ ജോർജ് തുണ്ടിപറമ്പിലാണ് ബറോസിനെതിരെ നിയമപോരാട്ടം നടത്തിയത്. തന്റെ നോവലായ മായയുമായി ചിത്രത്തിന്റെ കഥയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ജോർജിന്റെ ആരോപണം. എന്നാൽ ഈ വാദം നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ജില്ലാ കോടതി ഹർജി തള്ളുകയും ചെയ്തു.
ബാഡ് ബോയ്സ് എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ വിളിച്ച് നിർമാതാവ് ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമായിരുന്നു എബ്രഹാം മാത്യു പറഞ്ഞത്. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലുവാണ് ചിത്രം സംവിധാനം ചെയ്തത്.
ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് നടൻ ഷെയ്ൻ നിഗം പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു. തമശയായി ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായതെന്നും, ആരെയും വ്യക്തപരമായി വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഷെയ്ൻ പിന്നീട് വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തു. സംഭവത്തിൽ ഷെയ്ൻ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. മഹിമ നമ്പ്യാര്‍- ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍- ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും ചിത്രത്തിന്റെ പ്രൊമോഷനിടെ അവതാരക പറഞ്ഞു. തനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ ഷെയ്ന്‍ പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates