'കൺമണി അൻപോട്...'; ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഇങ്ങ് പോരെ! 2024 ൽ ട്രെൻഡായ ആ പഴയ പാട്ടുകൾ

പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഈ പാട്ടുകൾ നെഞ്ചിലേറ്റി എന്ന് വേണം പറയാൻ.
Mollywood 2024
2024 ൽ ട്രെൻഡായ ആ പഴയ പാട്ടുകൾഫെയ്സ്ബുക്ക്

ഒരുപിടി മികച്ച ​ഗാനങ്ങൾ കൂടി പ്രേക്ഷകർക്കും സം​ഗീതാസ്വാദകർക്കും മലയാള സിനിമ സമ്മാനിച്ച വർഷം കൂടിയായിരുന്നു ഇത്. വർഷങ്ങൾക്ക് മുൻപ് പ്രേക്ഷകരേറ്റെടുത്ത് സൂപ്പർ ഹിറ്റായി മാറിയ മൂന്ന് പാട്ടുകളാണ് ഈ വർഷമെത്തി വീണ്ടും തരം​ഗം തീർത്തത്.

പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഈ പാട്ടുകൾ നെഞ്ചിലേറ്റി എന്ന് വേണം പറയാൻ. പഴയ പാട്ടുകൾ പുതിയ സിനിമകളിൽ ഉണ്ടാക്കിയ ഓളവും ഒന്ന് വേറെ തന്നെയായിരുന്നു. ഈ വർഷം പ്രേക്ഷകർ വീണ്ടും കേട്ട, ഒരുപാട് ഓർമകളിലേക്ക് കൂട്ടികൊണ്ടു പോയ ആ മനോഹരമായ ​​ഗാനങ്ങളിതാ.

1. പൂമാനമേ...

ഓസ്‌ലർ
ഓസ്‌ലർഫെയ്സ്ബുക്ക്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്‌ത 'ഓസ്‌ലർ' എന്ന സിനിമയിൽ മമ്മൂട്ടി ചിത്രം നിറക്കൂട്ടിലെ 'പൂമാനമേ' എന്ന ഗാനം റീമാസ്‌റ്റർ ചെയ്‌ത് ഉപയോഗിച്ചിരുന്നു. 1985ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനം അതിന്‍റെ തനിമ ഒട്ടും ചോരാതെ തന്നെ സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ 2024 ൽ ഓസ്‌ലറിൽ അവതരിപ്പിച്ചു. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചെറുപ്പകാലം കൂടുതൽ യഥാർഥമാക്കാൻ മമ്മൂട്ടിയുടെ സിനിമയിലെ തന്നെ പാട്ട് 39 വർഷങ്ങൾക്ക് ശേഷം ഉപയോ​ഗിച്ചത് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പൂവച്ചൽ ഖാദറാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്.

2. യയയായാ യാദവാ എനിക്കറിയാം...

പ്രേമലു
പ്രേമലുഫെയ്സ്ബുക്ക്

യയയായാ യാദവാ എനിക്കറിയാം... എന്ന പാട്ട് വർഷങ്ങൾക്കിപ്പുറം പ്രേമലുവിൽ ഇടം നേടിയതോടെ വീണ്ടും സൂപ്പർ ​ഹിറ്റായി മാറിയിരുന്നു. ദേവരാ​ഗം 2.0 എന്ന പേരിൽ 28 വർഷങ്ങൾക്ക ശേഷമാണ് പ്രേമലുവിൽ ​ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. എം ഡി രാജേന്ദ്രന്റെ വരികൾക്ക് എംഎം കീരവാണിയായിരുന്നു സം​ഗീതമൊരുക്കിയത്. ചിത്രയും ഉണ്ണികൃഷ്ണനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പ്രേമലുവില്‍ രാധാമാധവ നൃത്ത രംഗത്താണ് യയയായാ യാദവായുടെ കടന്നുവരവ്. സിനിമയിലെ ഏറ്റവും രസകരമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഈ പാട്ട് രംഗം. ദേവരാഗത്തില്‍ അരവിന്ദ് സ്വാമിയും ശ്രീദേവിയും അഭിനയിച്ച പാട്ട് പ്രേമലുവിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്യാം മോഹനും മമിത ബൈജുവുമാണ്.

3. കൺമണി അൻപോട്...

മഞ്ഞുമ്മൽ ബോയ്സ്
മഞ്ഞുമ്മൽ ബോയ്സ്ഫെയ്സ്ബുക്ക്

കമൽ ഹാസൻ നായകനായെത്തിയ ഗുണയിലെ ഇളയരാജ സംഗീതം നൽകിയ കണ്മണി അൻപോട് കാതലൻ... എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ഉപയോ​ഗിച്ചിരുന്നു. എന്നാൽ തന്റെ അനുമതിയില്ലാതെയാണ് പാട്ട് ചിത്രത്തിൽ ഉപയോഗിച്ചതെന്ന് പറഞ്ഞ് സംഗീതജ്ഞൻ ഇളയരാജ രം​ഗത്തെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകി പ്രശ്നം പരി​ഹരിക്കുകയും ചെയ്തു. കമൽ ഹാസനും എസ് ജാനകിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 31 വർഷങ്ങൾക്ക് ശേഷമാണ് പാട്ട് വീണ്ടും പ്രേക്ഷക മനം കവരാനെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com