മലയാള സിനിമയുടെ ചോക്ലേറ്റ് നായകൻ, റൊമാന്റിക് ഹീറോ, കോളജ് പയ്യൻ... ഇങ്ങനെയുള്ള ഇമേജായിരുന്നു കുഞ്ചാക്കോ ബോബന് പണ്ട്. ബാലതാരമായി സിനിമയിലേക്ക് കാലെടുത്തു വച്ച കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന സിനിമിലൂടെയാണ് മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്. ഒരു സമയത്ത് പ്രണയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന കുഞ്ചാക്കോ ബോബൻ ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.
ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയും അതിനൊരു ഉദാഹരണമാണ്. 2005 ൽ പ്രിയയുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ചാക്കോച്ചൻ ഒരിടവേളയെടുത്തു. 2006ല്‍ കിലുക്കം കിലു കിലുക്കം എന്ന ഒരൊറ്റ ചിത്രത്തിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. തുടർന്ന് 2008ല്‍ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രത്തിൽ ഒരു ഗാന രംഗത്തിലൂടെ അദ്ദേഹം വീണ്ടും സിനിമയിലെത്തി. ആ വർഷം തന്നെ ലോലിപ്പോപ്പ് എന്ന ചിത്രത്തിൽ നായകനുമായി.
പിന്നെയിങ്ങോട്ട് ചോക്ലേറ്റ് ഹീറോ എന്ന മുഖം അപ്പാടെ കുഞ്ചാക്കോ ബോബൻ വലിച്ചെറിഞ്ഞു. എൽസമ്മ എന്ന ആൺകുട്ടി, ട്രാഫിക്ക്, സീനിയേഴ്‍സ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ തന്റെ ട്രാക്ക് മാറ്റി പിടിച്ചു. അഞ്ചാം പാതിരയിലൂടെ കുഞ്ചാക്കോ ബോബനെന്ന നടനിലെ മികവായിരുന്നു പ്രേക്ഷകർ കണ്ടത്. തുടർന്ന് നായാട്ട് എന്ന സിനിമയിലെ കഥാപാത്രം നടന്റെ താരമൂല്യം ഉയർത്തി.
ഇപ്പോഴിതാ ബോഗയ്ൻവില്ലയിലെ റോയ്‌സ് തോമസിലൂടെ തന്റെയുള്ളിലെ നടനെ വീണ്ടും തേച്ചു മിനുക്കി എടുത്തിരിക്കുകയാണ് താരം. വ്യത്യസ്തമാർന്നതും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി കുഞ്ചാക്കോ ബോബൻ സമ്മാനിക്കുമെന്നാണ് ഓരോ സിനിമാ പ്രേക്ഷകന്റെയും വിശ്വാസം. കുഞ്ചാക്കോ ബോബന്റെ കരിയറിലെ വ്യത്യസ്തമാർന്ന ചില വേഷങ്ങളിലൂടെ.
കൊഴുമ്മൽ രാജീവനെന്ന സാധാരണക്കാരനായി കുഞ്ചാക്കോ ബോബൻ നിറഞ്ഞാടിയ ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്. നടനെന്ന രീതിയിൽ ഒരുപാട് താൻ മുന്നേറിയെന്ന് സിനിമാ പ്രേക്ഷകർക്ക് ഒന്നു കൂടി തെളിയിച്ചു കൊടുക്കുകയായിരുന്നു ചിത്രത്തിലൂടെ ചാക്കോച്ചൻ. കഥാപാത്രത്തിലും ഗെറ്റപ്പിലുമെല്ലാം പുതുമ നിലനിർത്തിക്കൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനെ തേടി നിരവധി പ്രശംസകളുമെത്തി.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് താരമെത്തിയത്. ഒട്ടേറെ ആത്മ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രത്തെയാണ് ചാക്കോച്ചൻ നായാട്ടിൽ അവതരിപ്പിച്ചത്. അഭിനേതാവ് എന്ന നിലയില്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഗ്രാഫ് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചാക്കോച്ചന്റെ കരിയറിൽ ബ്രേക്ക് നൽകിയ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ പ്രവീണ്‍ മൈക്കിള്‍.
ക്രിമിനല്‍ സൈക്കോളജിയില്‍ റിസേര്‍ച്ച് ചെയ്യുന്ന സൈക്കോളജിസ്റ്റായ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ഏറെ പ്രശംസകളേറ്റു വാങ്ങി.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ വ്യക്തിവൈരാഗ്യങ്ങളുടേയും കുടുംബ പ്രശ്‌നങ്ങളുടേയും ചില യഥാര്‍ഥ സംഭവങ്ങളെ കൂട്ടിയിണക്കി ഒരുക്കിയ ചിത്രമായിരുന്നു ചാവേർ. കുഞ്ചാക്കോ ബോബന്റെ മാസ് ലുക്കിലുള്ള പ്രകടനം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അറിയിപ്പ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ മികച്ച പെർഫോമൻസുകളിലൊന്നാണ് അറിയിപ്പിലേതും. ഹരീഷ് എന്ന കഥാപാത്രത്തിന്റെ ഓരോ ലെയറും അത്ര സൂക്ഷ്മതയോടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഇമോഷൻസ് ഒരുപാടുള്ള ഹരീഷ് എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് കുഞ്ചാക്കോ ബോബൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക