സൂര്യ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് നടി ശോഭന. ഫെസ്റ്റിവലിൽ ശോഭന അവതരിപ്പിക്കുന്ന നൃത്തവും എല്ലായ്പ്പോഴും പ്രേക്ഷക മനം കവരാറുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ശോഭന. അടുത്തിടെ സിനിമ രംഗത്തേക്കും ശോഭന തിരികെയെത്തിയിരുന്നു. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ചിക്കുൻഗുനിയ വന്ന സമയത്ത് ആ വേദന സഹിച്ചു കൊണ്ട് സൂര്യ ഫെസ്റ്റിവലിൽ നടി നൃത്തം അവതരിപ്പിച്ചു എന്നാണ് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
"31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോൾ. ചിക്കുൻഗുനിയ വന്ന സമയത്ത് ശോഭന സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചു. കാല് നിലത്ത് തൊടാൻ പോലും പറ്റില്ല, എവിടെ തൊട്ടാലും വേദന. അങ്ങനെയുള്ള അവസ്ഥയിൽ അവർ തിരുവനന്തപുരത്തേക്ക് വന്നു. സൂര്യയിൽ നൃത്തം അവതരിപ്പിച്ചു. ആ ഒരു പ്രോഗ്രാം ആണ് ഞാൻ കാണാത്തത്, കാരണം അവരുടെ കൂടെ നിന്ന് ഞാൻ വീശി കൊടുത്തു കൊണ്ടേയിരുന്നു.
എപ്പോൾ വേണമെങ്കിലും അവർ വീഴാം, ആ രീതിയിലായിരുന്നു അവസ്ഥ. നമ്മുക്കിത് നിർത്താമെന്ന് ഞാൻ ശോഭനയോട് പറഞ്ഞു. കാരണം, കാണുന്നവർക്ക് പോലും സഹിക്കാൻ പറ്റാത്ത അത്ര വേദനയാണ്. നമ്മുക്കിത് നീട്ടി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. തീയതി മാറാൻ പാടില്ലെ"ന്നാണ് ശോഭന അന്ന് മറുപടി പറഞ്ഞത്.
"സുകുമാർ അഴീക്കോട് പറയും, ഡയറി കിട്ടിയാൽ ആദ്യം അദ്ദേഹത്തിന്റെ പ്രസംഗം എന്നാണുള്ളതെന്ന് എഴുതി വയ്ക്കുമെന്ന്. യേശുദാസും അങ്ങനെ ചെയ്യും. ഇവരുടെയൊക്കെ വാക്കുകളാണ് നമ്മുടെ ശക്തിയും ഊർജവും. "- സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ശോഭനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക