കോളിവുഡിന്റെ സ്വന്തം എസ്കെ ആണ് ശിവകാർത്തികേയൻ. സ്റ്റാൻഡ് അപ് കോമേഡിയനായാണ് ശിവകാർത്തികേയൻ കരിയർ ആരംഭിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ടെലിവിഷൻ ഷോകളിൽ അവതാരകനായും തിളങ്ങി. ആദ്യ കാലത്ത് ചെറിയ വേഷങ്ങളായിരുന്നു ശിവകാർത്തികേയനെ തേടിയെത്തിയിരുന്നത്. പിന്നീട് എസ്കെ നായകനായെത്തിയ പല പടങ്ങളും ഹിറ്റുകളായി മാറി. അമരൻ ആണ് ശിവകാർത്തികേയന്റേതായി തിയറ്ററുകളിലിപ്പോൾ വിജയകരമായി പ്രദർശനം തുടരുന്നത്.
മേജർ മുകുന്ദ് വരദരാജായുള്ള ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ആരാധകരേറ്റെടുത്തു. "ചിലർ അരങ്ങേറ്റം കുറിക്കുന്നത് തന്നെ ഹീറോ ആയിട്ടാണ്. ചിലർ പടി പടിയായി വളരുന്നു. നിങ്ങൾ രണ്ടാമത് പറഞ്ഞ കൂട്ടത്തിലുള്ളയാളാണ്" - അമരന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ സംവിധായകൻ മണിരത്നം ശിവകാർത്തികേയനെക്കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു ഇത്. സിനിമയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാകുന്ന ജീവിതമാണ് എസ്കെയുടേത്.
സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ അസിസ്റ്റന്റായും ശിവകാർത്തികേയൻ പ്രവർത്തിച്ചിട്ടുണ്ട്. യാതൊരുവിധ സിനിമ ബാക്ക്ഗ്രൗണ്ടും ഇല്ലാതെ സിനിമയിലെത്തി ഇന്നിപ്പോൾ കോളിവുഡിലെ തന്നെ ഏറ്റവും വലിയ താരങ്ങൾക്കൊപ്പം എത്തിയിരിക്കുകയാണ് ശിവകാർത്തികേയൻ. താരത്തിന്റെ മികച്ച ചില സിനിമകളിലൂടെ.
ആർഎസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത ചിത്രമാണിത്. സ്പോർട്സ് - കോമഡി ചിത്രമായാണ് എതിർ നീചൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ എസ്കെയുടെ പ്രകടനം നിരൂപക പ്രശംസയും നേടിയിരുന്നു. പ്രിയ ആനന്ദ് ആയിരുന്നു ചിത്രത്തിലെ നായിക. ധനുഷ് നിർമ്മിച്ച ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയി മാറി.
നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിച്ച് 2021 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോക്ടർ. മനുഷ്യക്കടത്തിനെ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിൻ്റെ പ്രമേയം. അനിരുദ്ധ് രവിചന്ദറായിരുന്നു സംഗീതമൊരുക്കിയത്. വിനയ് റായ്, പ്രിയങ്ക അരുൾ മോഹൻ, അർച്ചന, യോഗി ബാബു, മിലിന്ദ് സോമൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. തിയറ്ററുകളിൽ വൻ വിജയമായി മാറുകയും ചെയ്തു ചിത്രം.
മഡോൺ അശ്വിൻ കഥയെഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഫാന്റസി ചിത്രമാണ് മാവീരൻ. ശിവകാർത്തികേയൻ, അദിതി ശങ്കർ, മിഷ്‌കിൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. സത്യ എന്ന കോമിക് കാർട്ടൂണിസ്റ്റിനെ ചുറ്റിപ്പറ്റിയാണ് സിനിമ. അനീതിയ്ക്കെതിരെ ശബ്ദമുയർത്തുന്ന സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശിവകാർത്തികേയനെത്തിയത്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടി.
മോഹൻ രാജ രചനയും സംവിധാനവും നിർവഹിച്ച് 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് വേലൈക്കാരൻ. ഫഹദ് ഫാസിൽ, നയൻതാര, സ്നേഹ, പ്രകാശ് രാജ് തുടങ്ങിയവരും ശിവകാർത്തികേയനൊപ്പം ചിത്രത്തിലെത്തി. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരെ പോരാടുന്ന അറിവഴകൻ എന്ന സെയിൽസ് എക്സിക്യൂട്ടീവിനെ അടിസ്ഥാനമാക്കിയാണ് കഥയൊരുക്കിയിരിക്കുന്നത്.
സിബി ചക്രവർത്തിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഡോൺ. ശിവകാർത്തികേയനൊപ്പം എസ്ജെ സൂര്യ, സമുദ്രക്കനി, പ്രിയങ്ക മോഹൻ, സൂരി എന്നിവരും പ്രധാന വേഷത്തിലെത്തി. ലൈക്ക പ്രൊഡക്ഷൻസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. അനിരുദ്ധ് രവിചന്ദറായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക