ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു, പിന്നീട് കള്‍ട്ട് ക്ലാസിക്കായി: കമല്‍ഹാസന്റെ അഞ്ച് പരാജയ ചിത്രങ്ങള്‍

താരത്തിന്റെ കള്‍ട്ട് ക്ലാസിക്കുകളായി വാഴ്ത്തുന്ന പല ചിത്രങ്ങളും തിയറ്ററില്‍ വന്‍ പരാജയമായിരുന്നു
kamal haasan
കമല്‍ഹാസന്റെ അഞ്ച് പരാജയ ചിത്രങ്ങള്‍

അഞ്ചാം വയസിലാണ് കമല്‍ഹാസന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1960ല്‍ ഇറങ്ങിയ തമിഴ് ചിത്രം കളത്തൂര്‍ കണ്ണമ്മയായിരുന്നു ആദ്യ ചിത്രം. മലയാളം ഉള്‍പ്പടെ നിരവധി സിനിമകളില്‍ ബാലതാരമായതിനു പിന്നാലെ സിനിമയിലേക്ക് തിരിച്ചെത്തിയത് അസിസ്റ്റന്റ് ഡാന്‍സ് കൊറിയോഗ്രാഫറുടെ റോളിലാണ്. 1974ല്‍ റിലീസ് ചെയ്ത മലയാളം ചിത്രം കന്യാകുമാരിയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ കമല്‍ഹാസന്റെ കരിയര്‍ മാറ്റിയത് ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങളാണ്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ ബംഗാളി ഭാഷകളിലായി 233 ചിത്രങ്ങല്‍.

65 വര്‍ഷം നീണ്ടു നില്‍ക്കുന്ന സിനിമാ കരിയറില്‍ മിന്നും വിജയങ്ങള്‍ മാത്രമല്ല വമ്പന്‍ പരാജയങ്ങള്‍ക്കും കമല്‍ഹാസന്‍ കണ്ടു. അവസാനം റിലീസ് ചെയ്ത ഇന്ത്യന്‍ 2നും തിയറ്ററില്‍ മികച്ച വിജയം നേടാനായില്ല. താരത്തിന്റെ കള്‍ട്ട് ക്ലാസിക്കുകളായി വാഴ്ത്തുന്ന പല ചിത്രങ്ങളും തിയറ്ററില്‍ വന്‍ പരാജയമായിരുന്നു. കമല്‍ഹാസന്റെ കരിയറിലെ അഞ്ച് പരാജയ ചിത്രങ്ങള്‍ ഇവയാണ്.

1. ഗുണ

kamal haasan movies

കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളില്‍ ഒന്നാണ് ഗുണ. അടുത്തിടെ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസിന് പിന്നാലെ ചിത്രം വീണ്ടും ചര്‍ച്ചയായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞ ചിത്രമാണ് ഇത്. സൈക്കോളിക്കല്‍ റൊമാന്റിക് ഡ്രാമയായി എത്തിയ ചിത്രം 1991ല്‍ ദീപാവലി റിലീസായാണ് എത്തിയത്. ദളപതിയോട് മത്സരിച്ച ചിത്രത്തിന് വലിയ മുന്നേറ്റം നടത്താനായില്ല. നാല് കോട് മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം രണ്ട് കോടിയാണ് നേടിയത്.

2. ഹേ റാം

kamal haasan movies

2000ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് കമല്‍ഹാസന്‍ തന്നെയായിരുന്നു. ചിത്രത്തിലൂടെയാണ് ഷാരുഖ് ഖാന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ വിഭജനവും മഹാത്മ ഗാന്ധിയുടെ വധവുമെല്ലാം പറഞ്ഞ ചിത്രം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മൂന്ന് ദേശിയ പുരസ്‌കാരമാണ് നേടിയത്. ആ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായിരുന്നു ചിത്രം. എന്നാല്‍ ബോക്‌സ് ഓഫിസില്‍ ചിത്രം തകര്‍ന്നടിഞ്ഞു. 11 കോടി രൂപയില്‍ ഒരുക്കിയ ചിത്രത്തിന് നേടാനായത് 5.3 കോടിയാണ്.

3. ആളവന്താന്‍

kamal haasan movies

ഏറെ നിരൂപക പ്രശംസ നേടിയ കമല്‍ഹാസന്‍ ചിത്രമാണ് ആളവന്താന്‍. താരം ഇരട്ടറോളില്‍ എത്തിയ ചിത്രം 2001ലാണ് റിലീസ് ചെയ്തത്. കമല്‍ഹാസന്‍ എഴുതിയ ദയം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. തിരക്കഥ എഴുതിയതും കമല്‍ഹാസന്‍ തന്നെയായിരുന്നു. തിയറ്ററില്‍ വന്‍ പരാജയമായി മാറിയെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറുകയായിരുന്നു. കമല്‍ഹാസന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 25 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 11 കോടി മാത്രമാണ് നേടിയത്.

4. അന്‍പേ ശിവം

kamal haasan movies

കമല്‍ഹാസന്റെ തിരക്കഥയില്‍ സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം. കമല്‍ഹാസനും മാധവനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. നല്ലശിവമായുള്ള കമല്‍ഹാസന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. മികച്ച അഭിപ്രായം നേടിയെങ്കിലും തിയറ്ററില്‍ ചിത്രം പരാജയമായി. 12 കോടി മുതല്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം നേടിയത് 7 കോടി മാത്രമാണ്. തിയറ്ററില്‍ പരാജയമായെങ്കിലും ചിത്രം പിന്നീട് തമിഴ് സിനിമയിലെ കള്‍ട്ട് ക്ലാസിക്കായി.

5. വിശ്വരൂപം 2

kamal haasan movies

വന്‍ പ്രതീക്ഷയോടെ എത്തി വമ്പന്‍ പരാജയമായി മാറിയ ചിത്രമാണ് ഇത്. 2013ല്‍ ഇറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചത്. 2018ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു. 75 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 50 കോടി മാത്രമാണ് നേടാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com