നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ഡോക്യുമെന്ററി ഫിലിം നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ലിന്റെ ട്രെയ്‌ലർ എത്തി. നയൻതാരയുടെ ജീവിതവും കുടുംബവും കരിയറിലെ ഉയർച്ച താഴ്ചകളും വിവാഹവുമെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഡോക്യുമെന്ററി. സിനിമയിലെ നിരവധി പ്രമുഖരും നയൻതാരയുമായുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
നടിയുടെ അമ്മ ഓമന കുര്യൻ, നാഗാർജുന, റാണ ദഗ്ഗുബാട്ടി, തപ്സി പന്നു, ആറ്റ്ലി, നെൽസൺ തുടങ്ങിയവരാണ് ട്രെയിലറിലുള്ളത്. നയൻതാരയുമായി ബന്ധപ്പെട്ട പല വിവാദങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഭർത്താവ് വിഘ്നേഷ് ശിവനുമായുള്ള പ്രണയവും കുടുംബ ജീവിതത്തേക്കുറിച്ചുമെല്ലാം നമുക്ക് നയൻതാരയുടെ വാക്കുകളിലൂടെ തന്നെ കേൾക്കാനാവും. താൻ കടന്നുപോയ പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോൾ നടി വികാരാധീനയാവുന്നുണ്ട്. തന്റെ ജീവിതം ആരാധകരുമായി പങ്കുവെക്കാനുള്ള കാരണം എന്താണ് എന്ന ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിനും നടി ഉത്തരം നൽകുന്നുണ്ട്.
തന്റെ സിനിമാ ജീവിതത്തെപ്പറ്റി നയൻതാര ഇതുവരെ തുറന്നു പറയാത്ത കാര്യങ്ങൾ ഡോക്യുമെന്ററിയിലൂടെ അറിയാനാകുമെന്നാണ് ആരാധകർക്കിടയിലെ ചർച്ച. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് താരത്തിന്റെ കരിയര്‍ കൂടി ഉള്‍പ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക