സൂപ്പർഹിറ്റ് സംവിധായകൻ ശങ്കറും തമിഴ് സൂപ്പർതാരം വിജയും ഒന്നിച്ച ഏക ചിത്രമാണ് നൻപൻ. ഹിന്ദിയിലെ ത്രി ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കായിരുന്നു ചിത്രം. വിജയ്ക്കൊപ്പം ശ്രീകാന്തും ജീവയുമാണ് പ്രധാന വേഷത്തിലെത്തിയത്. ഇപ്പോൾ ചിത്രത്തിലെ അറിയാക്കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രീകാന്ത്.
നൻപന്റെ ചിത്രീകരണത്തിനിടെ ശങ്കറുമായി വിജയ് വഴക്കിട്ട് പിണങ്ങിപ്പോയി എന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. വിജയ്ക്ക് പകരം സൂര്യയെയോ മഹേഷ് ബാബുവിനേയോ വിളിക്കുന്നതിനെ കുറിച്ചുവരെ ശങ്കർ ചിന്തിച്ചു എന്നാണ് ശ്രീകാന്ത് പറയുന്നത്.
നൻപൻ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിൻ ചെയ്തത് ഞാനാണ്. സെറ്റിലെത്തിയപ്പോൾ തന്നെ നേരെ പോയത് ശങ്കർ സാറിനെ കാണാനാണ്. അപ്പോൾ അവിടെ നിന്നും വിജയ് സർ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ പോയി. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കർ സാറും തമ്മിൽ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയർസ്റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റിൽ നിന്നും വിജയ് സർ ഇറങ്ങിപ്പോയി. ശങ്കർ സാറിനും ഒരേ ദേഷ്യം. വിജയ് പോയാൽ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കിൽ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കർ സർ പറഞ്ഞു.–ശ്രീകാന്തിന്റെ വാക്കുകൾ.
അഞ്ചുസിനിമകൾ വേണ്ടെന്നു വച്ചാണ് താൻ നൻപൻ തെരഞ്ഞെടുത്തതെന്നും അതിനാൽ തനിക്ക് സിനിമ മുടങ്ങുമോ എന്ന് തനിക്ക് പേടിയുണ്ടായിരുന്നു എന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ആ സിനിമ മുടങ്ങിയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. എന്നാൽ അതേ കാസ്റ്റിൽ തന്നെ സിനിമ പൂർത്തിയാക്കിയെന്ന് ശ്രീകാന്ത് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക