ദളപതി 69 ന്റെ താരനിര പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഓരോ താരങ്ങളുടെയും സാന്നിധ്യം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയും വളരെ വലുതാണ്. ഇപ്പോഴിതാ കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്‍കുമാറും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ചിത്രത്തിലെ വേഷം രസകരമാണെന്നും എന്നാൽ ചികിത്സയിലായതിനാൽ തന്നെ ഷെഡ്യൂളുകളിൽ മാറ്റം വരുമോയെന്ന ആശങ്കയും അടുത്തിടെ ഒരഭിമുഖത്തിൽ ശിവ രാജ്കുമാർ പങ്കുവച്ചിരുന്നു.
ശിവ രാജ്കുമാർ ഇപ്പോൾ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. സർജറിയ്ക്ക് ശേഷം അമേരിക്കയിൽ നിന്ന് തിരിച്ചെത്തി ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.
ദളപതി 69 ന്റെ ഓവർസീസ് തിയറ്റർ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് ഫാർസ് സ്വന്തമാക്കിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 78 കോടിക്കാണ് സിനിമയുടെ അവകാശം വിറ്റു പോയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് സിനിമ ഈ നേട്ടം കൈവരിച്ചത്.
സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയ മണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക