ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി നയൻതാര. ഇന്‍സ്റ്റഗ്രാമിലൂടെ ധനുഷിന് അയച്ച തുറന്ന കത്തിലൂടെയാണ് നയന്‍താരയുടെ വിമര്‍ശനം. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നയൻതാര പ്രതികരിച്ചത്.
ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്ന് നയൻതാര വെളിപ്പെടുത്തി. ഒടുവിൽ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തു വന്നപ്പോൾ നാനും റൗഡി താൻ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച ചില ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്ന് നയൻതാര പറയുന്നു. വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടനുള്ളതെന്നും നയൻതാര വെളിപ്പെടുത്തുന്നു. ധനുഷിന്റേത് പകർപ്പാവകശ പ്രശ്നമല്ലെന്നും വെറും പകപോക്കലാണെന്നും നയൻതാര തുറന്നടിച്ചു. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്തു നിന്നുണ്ടായത്.
എന്നാൽ ധനുഷിന്റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻ വിജയമായി. ധനുഷിന്റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ലെന്ന് നയൻതാര പറയുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ ധനുഷിന്റെ സാന്നിധ്യം ഇല്ലാതിരുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് നയൻതാര ചൂണ്ടിക്കാട്ടി.
നയൻതാരയുടെ കത്തിന്റെ വിശദാംശം
നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള തുറന്ന കത്താണിത്. നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ, ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ഒരാൾ.
എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല. എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എൻ്റെ നിരവധി ആരാധകരും അഭ്യുദേയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രൊജക്ട് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു. സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രൊജക്ടിനായി പരിശ്രമവും സമയവും നൽകിയ ആളുകളെയും ബാധിക്കുന്നു.
എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ ഇൻഡസ്ട്രിയിലെ അഭ്യുദേയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു, എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ ഉൾപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി റിലീസിന് നിങ്ങളുടെ എൻഒസി (നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വർഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചതിനാൽ, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങൾ തീരുമാനിച്ചു.
നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല. നാനും റൗഡി താനിലെ ഗാനങ്ങൾ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എൻ്റെ ഹൃദയം തകർന്നു.
ബിസിനസ് നിർബന്ധങ്ങളാലോ പണ സംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മനസിലാക്കാവുന്നതാണ്; എന്നാൽ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മന:പൂർവം മൗനം പാലിക്കുകയായിരുന്നു എന്നും അറിയുന്നത് വേദനാജനകമാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്.
ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളിൽ ചിത്രീകരിച്ച ചില വിഡിയോകളുടെ (വെറും 3 സെക്കൻഡ്) ഉപയോഗത്തെ നിങ്ങൾ ചോദ്യം ചെയ്തതു കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങൾക്കും മറ്റും 10 കോടി രൂപ നിങ്ങൾ ക്ലെയിം ചെയ്തു. കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു.
ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ. നിങ്ങൾക്ക് മുൻപരിചയമുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങൾക്ക് മന:സമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ ലോകം എല്ലാവരുടേതുമാണ്. എല്ലാവർക്കുമുള്ളതാണ്.
നിങ്ങൾക്ക് പരിചയമുള്ളവരും ജീവിതത്തിൽ ഉയർന്നുവരുന്നത് സാധാരണമാണ്. വൻ സിനിമാപാരമ്പര്യമില്ലാത്തവരും ഉയരങ്ങളിൽ എത്തുന്നത് സാധാരണമാണ്. ചില മനുഷ്യർ ബന്ധങ്ങൾ ഉണ്ടാക്കുന്നതും, സ്നേഹം കണ്ടെത്തുന്നതും സാധാരണമാണ്. ഇതൊന്നും നിങ്ങളിൽ നിന്നും ഒന്നും അപഹരിക്കുന്നില്ലല്ലോ. മേൽപ്പറഞ്ഞതെല്ലാം ജനങ്ങളുടെ കരുണയിലും സ്നേഹത്തിലും കഠിനാധ്വാനത്തിന്റെ ബലത്തിലും ഉണ്ടാകുന്നതാണ്. ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും.
അതും ദൈവം കാണുന്നുണ്ടെന്നു ഓർക്കൂ. നിങ്ങളുടെ വാക്ചാതുരയിലേക്ക് ഒരു ജർമൻ വാക്ക് ഞാൻ ചേർത്തോട്ടെ; അത് ഷെഡെൻഫ്രോയ്ദ (മറ്റുള്ളവരുടെ നിർഭാഗ്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സ്വഭാവം) എന്നതാണ്. ഇനി മേലാൽ ആരുടേയും, ഞങ്ങളുടെയും വികാരങ്ങളിൽ സന്തോഷം കണ്ടെത്താതിരിക്കണം. ഈ വിശാലമായ ലോകത്ത് താഴെക്കിടയിലുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്താനും, അപരന്റെ കഥകളിൽ ആനന്ദം അറിയാനും എളുപ്പമാണെന്നും മനസിലാക്കുമല്ലോ.
ഞങ്ങളുടെ ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ഉദ്ദേശങ്ങളിൽ ഒന്ന് അതുകൂടിയാണ്. ഇത് കാണൂ, ചിലപ്പോൾ നിങ്ങളുടെ മനസ് മാറിയാലോ. സ്നേഹത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വെറുതെ വാക്കാൽ പറയുക മാത്രമല്ലാതെ നിങ്ങൾക്ക് അതിനു മുഴുവനായും സാധിക്കട്ടേയെന്നു ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു."
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക