നായകനെ പോലും വിറപ്പിക്കുന്ന വില്ലനായി മലയാള സിനിമാ ലോകത്ത് അരങ്ങുവാണ നടനാണ് ബാലൻ കെ നായർ. അച്ഛന്റെ അതേ പാത പിന്തുടർന്നാണ് മേഘനാഥനും സിനിമയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി സിനിമകളിൽ വില്ലനായെത്തി മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അദ്ദേഹത്തിനായി. നാല്‍പ്പത് വർഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ അമ്പതോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.
ആദ്യ കാലത്ത് വില്ലന്‍ വേഷങ്ങളിലായിരുന്നു തിളങ്ങിയതെങ്കിലും പിന്നീട് കാരക്ടര്‍ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1983 ൽ പിഎൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് പഞ്ചാഗ്നി, ചെങ്കോൽ, ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഈ പുഴയും കടന്ന് തുടങ്ങി ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.
ചെന്നൈയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്‍ കോയമ്പത്തൂരില്‍ നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. മലയാളികൾക്ക് മറക്കാൻ കഴിയാത്ത മേഘനാഥന്റെ ചില കഥാപാത്രങ്ങളിലൂടെ.
കമൽ സംവിധാനം ചെയ്ത് 1996ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഈ പുഴയും കടന്ന്. ദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിൽ രഘു എന്ന മദ്യപാനിയുടെ വേഷത്തിലാണ് മേഘനാഥനെത്തിയത്. രഘുവിനോട് പ്രേക്ഷകർക്ക് ദേഷ്യവും വെറുപ്പുമെല്ലാം തോന്നാൻ കാരണം മേഘനാഥൻ എന്ന നടനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.
1998 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിൽ മേഘനാഥനും നല്ലൊരു റോളിലെത്തി. ഡ്രൈവർ തങ്കപ്പനെന്ന മേഘനാഥന്റെ വേഷവും മലയാളികൾ മറക്കാനിടയില്ല.
ദിലീപ്, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ. ലോക്കൽ ഗുണ്ടയായ തിമ്മയ്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മേഘനാഥനെത്തിയത്. മേഘനാഥൻ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു തിമ്മയ്യ.
മേഘനാഥൻ അവതരിപ്പിച്ച മികച്ച കാരക്ടർ വേഷങ്ങളിലൊന്നായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ഭവതി എന്ന കഥാപാത്രത്തിന്റെ ഭർത്താവ് രാജേന്ദ്രനായെത്തി പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തു മേഘനാഥൻ. ഭാര്യ വീട്ടുജോലിക്കു പോകുന്നുതു പോലും ഇഷ്ടപ്പെടാത്ത ഒരു സാധാരണക്കാരനായ ഭർത്താവും അച്ഛനുമായി മേഘനാഥൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ ഈ കഥാപാത്രം എക്കാലവും സിനിമാ പ്രേക്ഷകർ ഓർത്തിരിക്കും.
പഞ്ചാഗ്നിയിലെ രവി, തച്ചിലേടത്ത് ചുണ്ടനിലെ ഉത്തമൻ, ചെങ്കോലിലെ കീരിക്കാടൻ സണ്ണി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ചന്ദ്രു തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് പകരം വയ്ക്കാൻ മറ്റു താരങ്ങളില്ല. കുറച്ചു കാലം സിനിമയിൽ നിന്ന് മാറി നിന്ന മേഘനാഥൻ തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്. തോപ്പിൽ ജോപ്പനിൽ കുറച്ചു സീനുകളേ ഉള്ളുവെങ്കിലും എല്ലാം മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു. മാനസാന്തരപ്പെടുന്ന മദ്യപന്റെ വേഷമാണു സിനിമയിൽ ഉണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക