

എആർ റഹ്മാനും സൈറ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് മോഹിനി ഡേ താനും വിവാഹമോചിതയാകുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. റഹ്മാന്റെ വിവാഹമോചത്തിൽ മോഹിനിയ്ക്ക് പങ്കുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹിനി.
എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് അവർ എല്ലാവരോടും അഭ്യർഥിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും മോഹിനി പ്രതികരിച്ചു. "അഭിമുഖമെടുക്കാനെന്നു പറഞ്ഞ് വലിയതോതിലുള്ള അഭ്യർഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ യഥാർഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം.
അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താല്പര്യമില്ല. എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം."- മോഹിനി ഡേ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത്തരം ഗോസിപ്പുകൾ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നു പറഞ്ഞ് എആർ റഹ്മാന്റെ മകൻ അമീനും രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates