'തമാശ ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ച് രഞ്ജിത്ത്': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

ആറാം തമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്
oduvil unnikrishnan, ranjith
ഒടുവില്‍ ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത്ഫയൽ ചിത്രം
Published on
Updated on

സംവിധായകന്‍ രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്‌റഫ്. ആറാം തമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദ്ദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തുവീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം ഒടുവില്‍ ഉണ്ണികൃഷ്ണനെ മാനസികമായി തളര്‍ത്തി എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഫ്‌റഫിന്റെ വെളിപ്പെടുത്തല്‍.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍

താന്‍ ആദ്യം കാണുന്ന സമയത്ത് വളരെ സ്‌നേഹവും പരസ്പര ബഹുമാനവുമുള്ള ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തിലേക്ക് കടന്നു. താനാണ് സിനിമ എന്നാണ് രഞ്ജിത്ത് ചിന്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയതോടെ വരിക്കാശ്ശേരി മനയുടെ തമ്പ്രാനായി രഞ്ജിത്ത് മാറി.

ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കുറച്ചുനാള്‍ ഞാന്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അന്തരിച്ച പ്രമുഖ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്കു പിടിച്ചു നിന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി. ആ അടികൊണ്ട് ഒടിവിലുണ്ണികൃഷ്ണന്‍ കറങ്ങി നിലത്തുവീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന ആരോഗ്യം ക്ഷയിച്ച ഒടുവിലുണ്ണികൃഷ്ണനെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ സമയത്ത് അദ്ദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി. പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ മാനസികമായി തകര്‍ന്നുപോയി. പിന്നീടുള്ള അദ്ദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം. അടിയോടൊപ്പം അദ്ദേഹത്തിന്റെ ഹൃദയവും തകര്‍ന്നുപോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് ഞാന്‍ അതൊന്നും കണ്ടിട്ടില്ല. അതില്‍ നിന്ന് മോചിതനാവാന്‍ ഏറെ നാളെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com