പുഷ്പ 2 വിനേക്കുറിച്ചുള്ള വിശേഷങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പ ദ റൂൾ'. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ സമ്മിശ്ര പ്രതികരണമായിരുന്നു ട്രെയ്‌ലറിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ കിസിക് എന്ന് തുടങ്ങുന്ന ഐറ്റം ഡാൻസും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കിസിക് യൂട്യൂബിൽ ട്രെൻഡിങ്ങായി മാറുകയാണിപ്പോൾ. ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്. പുഷ്പ 2വിനായി അണിയറപ്രവർത്തകർ കൈപ്പറ്റിയ പ്രതിഫലം എത്രയാണെന്ന് നോക്കാം.
പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുനെത്തുന്നത്. മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് അല്ലു ചിത്രത്തിലെത്തുന്നത്. ചിത്രത്തിന് വേണ്ടി 300 കോടി രൂപയാണ് അല്ലു അർജുൻ പ്രതിഫലമായി വാങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോർഡും അല്ലു അർജുൻ സ്വന്തമാക്കിയിട്ടുണ്ട്.
മുൻപ് വിജയ് ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്. പ്രതിഫലത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും അല്ലു അർജുൻ മറികടന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. ഭൻവർ സിങ് ഷെഖാവത് എന്ന പൊലീസായാണ് ചിത്രത്തിൽ ഫഹദെത്തുന്നത്. ആദ്യ ഭാഗത്തിൽ ഫഹദിന് ഒരുപാട് രംഗങ്ങളൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ അല്ലു അർജുനൊപ്പം സ്ക്രീനിൽ ഫഹദ് നിറഞ്ഞാടുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ചിത്രത്തിലെ വില്ലനാകാൻ ഫഹദിന് 8 കോടി രൂപ പ്രതിഫലം നൽകിയതായാണ് വിവരം. പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആദ്യ ഭാഗത്തിൽ അഭിനയിക്കാൻ 3.5 കോടി രൂപയാണ് ഫഹദ് ഈടാക്കിയതെങ്കിൽ രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോൾ ഇത് ഇരട്ടിയെക്കാൾ കൂടുതലായി വർധിച്ചിട്ടുണ്ട്.
പുഷ്പയിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രശ്മിക മന്ദാനയാണ്. പുഷ്പരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു രശ്മികയ്ക്ക്. 10 കോടി രൂപയാണ് രശ്മിക ചിത്രത്തിനായി പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. പുഷപയുടെ വൻ വിജയത്തിന് ശേഷം രശ്മിക തന്റെ പ്രതിഫലം ഉയർത്തിയതായി മുൻപും റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ഭാഗത്തേതിൽ നിന്ന് രണ്ടാം ഭാഗത്തിൽ അഭിനയ പ്രാധാന്യമുള്ള എന്തെങ്കിലുമൊക്കെ ചെയ്യാൻ രശ്മികയ്ക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പുഷ്പ 2 വിൽ അല്ലു അർജുനൊപ്പം ഒരു ഐറ്റം ഡാൻസിൽ മാത്രമാണ് ശ്രീലീല പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ 'കിസിക്' എന്ന ഗാന രംഗം ഇതിനോടകം തന്നെ ട്രെൻഡിങായി കഴിഞ്ഞു. ശ്രീ ലീലയ്ക്ക് 2 കോടി രൂപയാണ് ചിത്രത്തിനായി പ്രതിഫലം നൽകിയത്. പുഷ്പയുടെ ആദ്യ ഭാഗത്തിൽ ഡാൻസ് നമ്പർ അവതരിപ്പിച്ച സാമന്തയുടെ പ്രതിഫലത്തെക്കാൾ കുറവാണ് ഇത്. ഊ അണ്ട വാ എന്ന ഗാനത്തിന് 5 കോടി രൂപയായിരുന്നു സമാന്തയുടെ പ്രതിഫലം.
പുഷ്പ 2 വിലെ ഗാനങ്ങൾ ദേവിശ്രീ പ്രസാദാണ് ഒരുക്കിയിരിക്കുന്നത്. 5 കോടി രൂപയാണ് ദേവിശ്രീ പ്രസാദിന് പ്രതിഫലമായി നിർമ്മാതാക്കൾ നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദ് നേടിയിരുന്നു. അതേസമയം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പുഷ്പ 2 വിലെ ബാക്കിവരുന്ന കാസ്റ്റ് ആൻഡ് ക്രൂ ഉൾപ്പെടെയുള്ള എല്ലാവരുടെയും പ്രതിഫലം മുഴുവൻ ചേർത്താൽ 12 കോടിയ്ക്ക് അടുത്ത് വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക