പുഷ്പ 2 വിന്റെ പ്രൊമോഷനായി കൊച്ചിയിലെത്തിയ അല്ലു അർജുന് വൻ സ്വീകരണമാണ് ആരാധകരൊരുക്കിയത്. വർഷങ്ങളായി തനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും അല്ലു അർജുൻ നന്ദി പറയുകയും ചെയ്തു. പുഷ്പ 2വിൽ ഫഹദ് ഫാസിലിന്റെ അഭിനയത്തേക്കുറിച്ച് അല്ലു പറഞ്ഞ വാക്കുകളാണിപ്പോൾ സിനിമാ പ്രേക്ഷകരുടെ മനം കവരുന്നത്. "എല്ലാ മലയാളികൾക്കും നിങ്ങളുടെ ദത്തുപുത്രന്റെ സ്നേഹം അറിയിക്കട്ടെ.
കഴിഞ്ഞ 20 വർഷമായി നിങ്ങൾ എനിക്കു പകർന്നു നൽകിയ സ്നേഹം നിസീമമാണ്. അതിനു നന്ദി. പല കാരണങ്ങൾ മൂലം ഈ സിനിമ എനിക്കു സ്പെഷ്യലാണ്. പുഷ്പയിലാണ് എന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാള നടനൊപ്പം ഞാൻ അഭിനയിക്കുന്നത്. നിങ്ങളുടെ സ്വന്തം ഫഫാ..! അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നെങ്കിൽ അതൊരു വലിയ സംഭവം ആകുമായിരുന്നു.
ഫഫാ പുഷ്പ 2വിൽ ശരിക്കും തകർത്തിട്ടുണ്ട്. തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടും. എന്റെ വാക്കു കുറിച്ചു വച്ചോളൂ, അദ്ദേഹം തീർച്ചയായും എല്ലാ മലയാളികൾക്കും അഭിമാനമാകും."- അല്ലു അർജുൻ പറഞ്ഞു. അതോടൊപ്പം ചിത്രത്തിലെ ഒരു ഗാനം തുടങ്ങുന്നത് മലയാളം വരികളോടെയാണെന്നും അല്ലു അർജുൻ പറഞ്ഞു. ആറു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ടെങ്കിലും അതിലെല്ലാം ഈ വരികൾ മലയാളത്തിൽ തന്നെയാകും വരികയെന്ന് അല്ലു അർജുൻ പറഞ്ഞു.
മലയാളികളോടുള്ള തന്റെ സ്നേഹം അടയാളപ്പെടുത്താനുള്ള ചെറിയ പരിശ്രമമാണിതെന്നും അല്ലു അർജുൻ വ്യക്തമാക്കി. ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. പുഷ്പരാജായി അല്ലു അർജുനെത്തുമ്പോൾ ഭൻവർ സിങ് ഷെഖാവത്തായാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുക. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക