'ഇത് ശുദ്ധ നെറികേടാണ്, ടർക്കിഷ് തർക്കത്തിനെതിരെ ആരാണ് മതനിന്ദ ആരോപിച്ചത്? ഞാൻ ഒന്നും കണ്ടില്ല': വി ടി ബൽറാം

മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ടർക്കിഷ് തർക്കം തിയറ്ററിൽ നിന്ന് പിൻവലിച്ചത്
vt balram
വി ടി ബൽറാം ഫെയ്സ്ബുക്ക്
Published on
Updated on

ടർക്കിഷ് തർക്കം തിയറ്ററിൽ നിന്ന് പിൻവലിക്കുകയാണെന്ന് ഇന്നലെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് നടപടി എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. പിന്നാലെ സിനിമാ പ്രവർത്തകരുടെ പ്രമോഷൻ തന്ത്രമാണ് ഇതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരെ വിമർശിച്ചുകൊണ്ട് കോൺ​ഗ്രസ് നേതാവ് വി ടി ബൽറാം രം​ഗത്തെത്തിയിരിക്കുകയാണ്.

സിനിമയ്ക്കെതിരെ മതനിന്ദ ആരോപിച്ച് ആരും രം​ഗത്തെത്തുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്ന് ബൽറാം ഫെയ്സ്ബുക്കില്‍ കുറിച്ചു. തിയറ്ററിൽ പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദമെന്ന് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ അത് ശുദ്ധ നെറികേടും അങ്ങേയറ്റം അപകടകരമായ പ്രവണതയുമാണ് ഇത് എന്ന് ബല്‍റാം പറയുന്നു.

വി ടി ബൽറാമിന്റെ കുറിപ്പ്

'ടർക്കിഷ് തർക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതിൽ "മതനിന്ദ" ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആ സിനിമയെ വിമർശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനിൽ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിർമ്മാതാവിനേയോ "ഭീഷണിപ്പെടുത്തി"യതിന്റെ പേരിൽ സിനിമ തീയേറ്ററുകളിൽ നിന്ന് താത്കാലികമായി പിൻവലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പിൽ വന്നിട്ടുണ്ടോ അതിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാർ മാധ്യമങ്ങൾ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.

തീയ്യേറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്‌. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്‌. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച്‌ ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്‌. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത്‌ ഈ നാടിന്‌ താങ്ങാനാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com