കൊച്ചി: നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനത്തിലാണ് നികുതി വെട്ടിപ്പുണ്ടായത്. സിനിമയിലൂടെ നിര്‍മ്മാതാക്കള്‍ക്ക് 140 കോടിയിലേറെയാണ് ലഭിച്ചത്. അതില്‍ നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
സിനിമയുടെ വരുമാനത്തിന് ആനുപാതികമായ നികുതി അടച്ചില്ലെന്നാണ് റെയ്ഡില്‍ കണ്ടെത്തിയിട്ടുള്ളത്. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. സിനിമയുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് പറവ ഫിലിം ഹൗസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു. പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു.
ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക