ഹൈദരബാദ്: ചലച്ചിത്രരംഗത്തെ പ്രമുഖരുടെ വിമര്‍ശനത്തിന് പിന്നാലെ തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരായതിനു പിന്നില്‍ ബിആര്‍എസ് നേതാവ് കെടി രാമറാവുവിന് പങ്കുണ്ടെന്ന ആരോപണം പിന്‍വലിച്ച് തെലങ്കാന വനംവകുപ്പ് മന്ത്രി സുരേഖ. ചിരഞ്ജീവി, നാഗാര്‍ജുന, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ്, പ്രകാശ് രാജ്, ഖുശ്ബു തുടങ്ങിയ നിരവധി താരങ്ങള്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പരാമര്‍ശം പിന്‍വലിച്ചത്.
തന്നെക്കുറിച്ച് ബിആര്‍എസ് നേതാവ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് അഭിനേതാക്കളുടെ പേരുകള്‍ പറയേണ്ടിവന്നതെന്ന് മന്ത്രി സുരേഖ മാധ്യമങ്ങളോട് പറഞ്ഞു. 'എനിക്ക് രാമറാവുവിനെ പരസ്യമായി വിമര്‍ശിക്കേണ്ടി വന്നു. എനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല. സാമന്തയുടെ സാമുഹിക മാധ്യമത്തിലെ കുറിപ്പ് കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി. ഇന്നലെ രാത്രി തന്നെ പരാമര്‍ശം പിന്‍വലിച്ചതായി അറിയിച്ചു' മന്ത്രി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ ബിആര്‍എസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കെടി രാമറാവു മാപ്പുപറയണമെന്നും മന്ത്രി പറഞ്ഞു. കെടിആറിന്റെ വക്കീല്‍ നോട്ടീസിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് സുരേഖ പറഞ്ഞു. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ആകേഷിപിക്കുകയാണ് ബിആര്‍എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ പരാമര്‍ശത്തില്‍ കെടിആര്‍ സുരേഖയ്ക്ക് വക്കീല്‍ നോട്ടീസ് അയിച്ചിരുന്നു, അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് 24 മണിക്കൂറിനകം മാപ്പുപറയണമെന്നാണ് കെടിആറിന്റെ ആവശ്യം. സുരേഖ മാപ്പ് പറഞ്ഞില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും കെടിആറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക