

വിവാഹത്തിന് മുൻപ് തന്നെ തനിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നുവെന്ന് നടി പ്രിയ മണി. 2016 ലായിരുന്നു മുസ്തഫ രാജുമായുള്ള പ്രിയയുടെ വിവാഹനിശ്ചയം നടന്നത്. ബംഗളൂരുവിൽ നടന്ന ഒരു ഐപിഎൽ മത്സരത്തിൽ കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് ആ ബന്ധം പ്രണയമായി മാറുകയുമായിരുന്നു. 2017 ലാണ് നടി പ്രിയ മണിയും മുസ്തഫ രാജും വിവാഹിതരായത്.
എന്നാല്‍ വിവാഹത്തിന് ശേഷം നേരിട്ട കടുത്ത സൈബര്‍ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. തനിക്കും മുസ്തഫ രാജിനും ഉണ്ടാകുന്ന കുട്ടികൾ "തീവ്രവാദികൾ" ആകുമെന്ന് വരെ ചിലര്‍ അധിക്ഷേപിച്ചെന്ന് പ്രിയ പറയുന്നു. വിവാഹം പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച ഈ വിദ്വേഷ പ്രചാരണം വിവാഹത്തിന് ശേഷവും തുടര്‍ന്നുവെന്നും നടി പറയുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു പ്രിയ മണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
തന്‍റെ മത വിശ്വസത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ഈ സൈബര്‍ ആക്രമണം തുടരുകയാണെന്നും പ്രിയ പറഞ്ഞു. 'ഫെയ്‌സ്ബുക്കിലൂടെ വിവാഹനിശ്ചയം അറിയിച്ചു കൊണ്ട് കുടുംബത്തിന്‍റെ സമ്മതത്തോടെ ഒന്നിച്ച് ഒരു പ്രസ്താവന പോസ്റ്റ് ചെയ്തു. വളരെ സന്തോഷത്തോടെയാണ് ആ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പിന്നാലെ വെറുപ്പ് മാത്രം നിറഞ്ഞ കമന്‍റുകളാണ് കിട്ടിയത്. "ജിഹാദി, മുസ്ലീം, നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകും" എന്നൊക്കെയാണ് ആളുകൾ എനിക്ക് സന്ദേശമയച്ചത്'.
'ഇത് എന്നെ ശരിക്കും തളര്‍ത്തി. നിരാശാജനകമായിരുന്നു ഈ പ്രതികരണം. എന്തിനാണ് ഇന്‍റര്‍ റിലീജയന്‍ കപ്പിള്‍സായ ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ? ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുൻനിര താരങ്ങളുണ്ട്. അവർ ഒരു മതത്തെ മാത്രം ഉൾക്കൊള്ളുകയോ സ്വീകരിക്കുകയോ ചെയ്യണമെന്നില്ല. അവർ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇത്തരം ഒരു കാര്യത്തില്‍ ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല'- പ്രിയ മണി പറഞ്ഞു.
'അടുത്തിടെ നടന്ന ഒരു സംഭവം പറയാം. ഈദ് ദിനത്തില്‍ ഞാന്‍ ആശംസകള്‍ നേര്‍ന്ന് ഒരു ഫോട്ടോ പങ്കുവച്ചു. പിന്നാലെ ഞാന്‍ ഇസ്ലാമായി എന്ന് പ്രചാരണം തുടങ്ങി. ഞാൻ മതം മാറിയോ എന്ന് അവര്‍ക്ക് എങ്ങനെ അറിയാം? ഞാൻ ജനിച്ചത് ഹിന്ദുവായാണ്, എപ്പോഴും ഞാന്‍ ആ വിശ്വാസത്തെ പിന്തുടരും, ഞങ്ങള്‍ പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കുന്നു, എന്തെങ്കിലും സമ്മര്‍ദ്ദം ഇതില്‍ ഇല്ല' - പ്രിയ വ്യക്തമാക്കി.
'ഈദിന് പോസ്റ്റിട്ടപ്പോള്‍ ഞാൻ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ചെയ്യാത്തതെന്നാണ് ചില ആളുകൾ ചോദിച്ചത്. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഇനി ഇതൊന്നും എന്നെ ബാധിക്കില്ല. അത്തരം നെഗറ്റിവിറ്റിയില്‍ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്'- നടി പറഞ്ഞു. വിജയ് ചിത്രം ദളപതി 69 ലും പ്രിയ മണി പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates