കൈ നിറയെ ചിത്രങ്ങളുമായി വലിയ തിരക്കിലാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിപ്പോൾ. വിവിധ ഭാഷകളിലായി ഒന്നിനു പിറകെ ഒന്നൊന്നായി നിരവധി ഹിറ്റുകളാണ് അനിരുദ്ധ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ദേവരാ, വേട്ടയ്യൻ എന്നീ ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് അനിരുദ്ധ് ആയിരുന്നു.
ഇരുചിത്രങ്ങളിലെയും ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ കിങ്ങിൽ ഷാരൂഖിനൊപ്പം താനും പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അനിരുദ്ധ്. മുൻപ് അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിനായും ഷാരൂഖും അനിരുദ്ധും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ജവാനിലെ പാട്ടുകളെല്ലാം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആമസോൺ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വരാൻ പോകുന്ന പ്രൊജക്ടുകളെ കുറിച്ച് അനിരുദ്ധ് പങ്കുവച്ചത്.
'അജിത്തിന്റെ റിലീസിനൊരുങ്ങുന്ന വിടാമുയർച്ചി, രജനികാന്തിന്റെ കൂലി പിന്നെ ഹിന്ദിയിൽ ഷാരൂഖ് സാറിൻ്റെ സിനിമയുമുണ്ട്. ഇതെല്ലാം പറയുക എന്നത് എന്നെ സംബന്ധിച്ച് തലവേദന പിടിച്ച കാര്യമാണ്. ഇനിയുമുണ്ട്, പക്ഷേ ഞാൻ അത് പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം വൈകുന്നേരമാകുമ്പോൾ ഞാൻ മറ്റൊരു മാനസികാവസ്ഥയിലാകും.
എന്റെ ഭാഗ്യത്തിന്, അടുത്ത 10 മാസത്തിനുള്ളിൽ 50 ഓളം പാട്ടുകൾ ചെയ്യാനുണ്ട്'- അനിരുദ്ധ് പറഞ്ഞു. സംവിധായകൻ സുജോയ് ഘോഷിനൊപ്പം ഷാരൂഖ് കൈകോർക്കുന്ന ചിത്രമാണ് കിങ്. ചിത്രത്തിൽ ഷാരൂഖിന്റെ മകൾ സുഹാനയും അഭിനയിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഉടനെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക