പ്രഖ്യാപനം മുതൽ തന്നെ ആരാധകർക്കിടയിൽ വൻ ഹൈപ്പ് നേടിയ ചിത്രമാണ് പുഷ്പ 2: ദ് റൂൾ. അല്ലു അർജുൻ നായകനായെത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളോരോന്നും പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയും വളരെ വലുതാണ്. ഇപ്പോഴിതാ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുഷ്പ 2 വിന്റെ ആദ്യ പകുതി കണ്ട് ഞെട്ടിപ്പോയെന്ന് ദേവി ശ്രീ പ്രസാദ് പറയുന്നു. 'അടുത്തിടെ പുഷ്പ 2: ദ് റൂളിൻ്റെ ആദ്യ പകുതി കണ്ടു, സത്യം പറഞ്ഞാൽ ഞങ്ങൾ ഞെട്ടിപ്പോയി. ഇപ്പോൾ മാത്രമല്ല, ആദ്യ ദിവസം സുകു സാർ കഥ പറഞ്ഞപ്പോഴും ഇതേ അവസ്ഥയായിരുന്നു.
ഫസ്റ്റ് ഹാഫ് കണ്ടു കൊണ്ടിരുന്നപ്പോൾ ഇതായിരിക്കും ഇന്റർവെൽ എന്ന് കരുതി ഞാനും ചന്ദ്രബോസും മൂന്ന് തവണ കൈയ്യടിച്ചു, പക്ഷേ അപ്പോഴെല്ലാം വലിയ സസ്പെൻസാണ് കണ്ടത്. സുകുമാറിൻ്റെ കഥയും സംവിധാനവും മേക്കിങ്ങുമെല്ലാം വളരെ ഗംഭീരം. എന്റെ പ്രിയപ്പെട്ട ബണ്ണി, അല്ലു അർജുനും പെർഫോമൻസു കൊണ്ട് ഓരോ നിമിഷവും അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. മൊത്തത്തിൽ സിനിമ ശരിക്കും വേറെ ലെവലാണ്'- ദേവി ശ്രീ പ്രസാദ് പറഞ്ഞു.
ഡിസംബർ ആറിനാണ് പുഷ്പ 2 തിയറ്ററുകളിലെത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന പാട്ടും ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക