
ഒരുകാലത്ത് തമിഴ് സിനിമയിൽ മിന്നിത്തിളങ്ങിയിരുന്ന നടിമാരിലൊരാളായിരുന്നു ജ്യോതിക. ഒന്നിനുപിറകെ ഒന്നായി ഹിറ്റുകളും സൂപ്പർ താര ചിത്രങ്ങളുമെല്ലാം ജ്യോതികയെ തേടിയെത്തി. തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ജ്യോതിക തന്റെ സാന്നിധ്യമറിയിച്ചു. കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നടൻ സൂര്യയുമായുള്ള ജ്യോതികയുടെ വിവാഹം. 2006 ലായിരുന്നു സൂര്യയുമായുള്ള ജ്യോതികയുടെ വിവാഹം. പിന്നീട് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം 2015 ൽ പുറത്തിറങ്ങിയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീടിങ്ങോട്ട് വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. മലയാളത്തിൽ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച കാതൽ ദ് കോർ എന്ന ചിത്രത്തിലെ ജ്യോതികയുടെ പ്രകടനവും ഏറെ പ്രശംസകളേറ്റു വാങ്ങി.
അടുത്തിടെ പല അഭിമുഖങ്ങളിലും ജ്യോതിക പറഞ്ഞ കാര്യങ്ങളും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. നായകൻമാർക്കൊപ്പം സിനിമ ചെയ്യാത്തതിനേക്കുറിച്ച് അടുത്തിടെ ജ്യോതിക പറഞ്ഞ വാക്കുകളും ശ്രദ്ധ നേടി. 'കുറച്ചു നാളുകളായി എന്റെ സിനിമകൾ തന്നെയാണ് എന്റെ ചുമലിലുള്ളത്. ഒരു നായകനെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല' - എന്നായിരുന്നു ജ്യോതിക പറഞ്ഞത്. എന്തായാലും തിരിച്ചുവരവിൽ ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ സിനിമകളാണ് ജ്യോതിക കൂടുതൽ തെരഞ്ഞെടുക്കുന്നതും.
ഇതിനോടകം തന്നെ രജനികാന്ത്, കമൽ ഹാസൻ, സൂര്യ, വിജയ്, വിക്രം തുടങ്ങി തമിഴിലെ മുൻ നിര നായകൻമാർക്കൊപ്പമെല്ലാം ജ്യോതിക സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു. ഭർത്താവും നടനുമായ സൂര്യയ്ക്കൊപ്പമുള്ള ജ്യോതികയുടെ ഓൺ - സ്‌ക്രീൻ കെമിസ്ട്രിയ്ക്ക് ഇന്നും ആരാധകരേറെയാണ്. ഇന്ന് ജ്യോതികയുടെ 46-ാം ജന്മദിനം കൂടിയാണ്. ഈ പിറന്നാൾ വേളയിൽ സൂര്യ -ജ്യോതിക ജോഡി ഒന്നിച്ചെത്തിയ സിനിമകളിലൂടെ.
വസന്ത് സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. സൂര്യ- ജ്യോതിക ജോഡി ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു പൂവെല്ലാം കേട്ടുപ്പാർ. ഇതിന് ശേഷം നിരവധി സിനിമകളിൽ ഇവർ ഒന്നിച്ചെത്തി. പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തോടെ ഹിറ്റ് ജോഡികളായി സൂര്യയും ജ്യോതികയും മാറി.
സൂര്യയുടെയും ജ്യോതികയുടെയും കരിയറിലെ ഒരു വഴിത്തിരിവായിരുന്നു കാക്ക കാക്ക. 2003 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഗൗതം വാസുദേവ് മേനോൻ ആണ്. സൂര്യയുടെ കരിയറിലെ തന്നെ ബ്ലോക്ക്ബസ്റ്ററുകളിലൊന്ന് കൂടിയാണ് ഈ ചിത്രം. ഇന്നും ഈ ചിത്രത്തിന് നിരവധി ആരാധകരുണ്ട്. അൻമ്പുസെൽവൻ ഐപിഎസ് എന്ന സൂര്യയുടെ പൊലീസ് കഥാപാത്രവും പ്രേക്ഷകരേറ്റെടുത്തു.
സൂര്യ - ജ്യോതിക വിവാഹത്തിന് മാസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമായിരുന്നു സില്ലന് ഒരു കാതൽ. താരങ്ങളുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി കൂടുതൽ ഉറപ്പിച്ച ചിത്രം കൂടിയായി മാറി സില്ലന് ഒരു കാതൽ. കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ ഭൂമിക ചൗളയും പ്രധാന വേഷത്തിലെത്തിയിരുന്നു.
ദിലീപ് നായകനായെത്തിയ മലയാള ചിത്രം കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം. ചിത്രത്തിൽ സൂര്യയും ജ്യോതികയും ഇരട്ട വേഷത്തിലാണെത്തിയത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇരുവരെയും തേടി നിരവധി അവാർഡുകളുമെത്തി. ശശി ശങ്കറായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
സിങ്കംപുലി സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മായാവി. ജ്യോതിക എന്ന കഥാപാത്രമായി തന്നെയാണ് ചിത്രത്തിൽ താരമെത്തിയതും. നടൻ വിജയകാന്ത് അതിഥി വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates