മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് സിബി മലയിൽ - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ദശരഥം. അമ്മമാരെ ഇമോഷണലി ഒരുപാട് സ്വാധീനിച്ച ചിത്രം കൂടിയാണ് ദശരഥം. സിനിമ റിലീസ് ചെയ്തിട്ട് 35 വര്‍ഷം പൂർത്തിയാവുകയാണ്. ഈ ദിവസത്തിൽ സിനിമയുടെ ഭാഗമായിരുന്ന, പിന്നീട് വിടപറഞ്ഞവരുടെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകടാണ് സംവിധായകൻ സിബി മലയിൽ.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് ലോഹിതദാസ്, സംഗീത സംവിധായകൻ ജോൺസൺ, ഗാനരചയിതാവ് പൂവച്ചാൽ ഖാദർ, അഭിനേതാക്കളായ നെടുമുടി വേണു, മുരളി, സുകുമാരൻ, കരമന ജനാർദ്ദനൻ, സുകുമാരി, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ ഓർമ്മകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 1989 ഒക്ടോബറിലായിരുന്നു ദശരഥം റിലീസ് ചെയ്തത്.
ലോഹിതദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ തിയറ്ററുകളിൽ അർഹിച്ച വിജയം നേടിയിരുന്നില്ല. അതിനാൽ തന്നെ കാലത്തിന് മുന്നേ വന്ന സിനിമ എന്നാണ് ദശരഥത്തെ പിൽക്കാലത്ത് സിനിമാ പ്രേമികൾ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രം ലോഹിതദാസിന് തിരക്കഥയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. മറാത്തിയിലേക്ക് മൊഴിമാറ്റം ചെയ്ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ദശരഥം.
ഫെയ്സ്ബുക്ക് കുറിപ്പ്
മുപ്പത്തഞ്ചു "ദശരഥ"വർഷങ്ങൾ ... രാജീവ് മേനോനും മാഗിയും പിന്നെ ഞാനും ... കൂടെയുണ്ടായിരുന്ന കടന്നുപോയവരെ ഓർക്കുന്നു ... ലോഹി, ജോൺസൺ, പൂവച്ചൽ, മുരളി, വേണുച്ചേട്ടൻ, സുകുവേട്ടൻ, കരമനച്ചേട്ടൻ, സുകുമാരിച്ചേച്ചി, ലളിതച്ചേച്ചി, എം എസ് തൃപ്പൂണിത്തറ ചേട്ടൻ, ബോബി കൊട്ടാരക്കര, ഷന്മുഖണ്ണൻ, വേലപ്പണ്ണൻ, സി കെ സുരേഷ് ... ഒടുവിലായി പൊന്നമ്മച്ചേച്ചിയും ... വേദനിപ്പിച്ച വേർപാടുകളുടെ ഓർമ്മകൾ മാത്രം ബാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക