ലോക സിനിമയിലായാലും ഇന്ത്യൻ സിനിമയിലായാലും സ്പൈ ത്രില്ലറുകൾക്ക് എന്നുമൊരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ബോളിവുഡിലെ വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സെല്ലാം. ലോകത്ത് നടക്കുന്ന യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മിക്ക സ്പൈ ത്രില്ലർ സിനിമകളും വന്നിട്ടുള്ളത്. ആക്ഷനും സാഹസികതയും സസ്പെൻസും അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമെല്ലാം കോർത്തിണക്കിയാണ് സ്പൈ ത്രില്ലറുകൾ ഒരുക്കുന്നത്.
1935 ൽ ആൽഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദ് 39 സ്റ്റെപ്‌സ് ആണ് ആദ്യത്തെ സ്പൈ ത്രില്ലർ ചിത്രമായി കണക്കാക്കപ്പെടുന്നത്. വ്യത്യസ്തമായ കഥാഗതിയിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ മുതൽ ബിഗ് ബജറ്റിലെത്തിയ ചിത്രങ്ങൾ വരെ സ്പൈ ത്രില്ലറിലുണ്ട്. ബോളിവുഡിൽ തരംഗമായി മാറിയ ചില സ്പൈ ത്രില്ലറുകളിലൂടെ.
അതുല്‍ സബര്‍വാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2023 ൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു ബെർലിൻ. മേക്കിങ്ങ്, അഭിനയം തുടങ്ങി എല്ലാ മേഖലകളിലും പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരുന്നു ബെർലിൻ സമ്മാനിച്ചത്. സ്ഥിരം കണ്ടു പരിചയിച്ച സ്‌പൈ ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ബെർലിൻ. കാര്‍ ചെയ്സോ, വെടിവെയ്പ്പോ തുടങ്ങി സ്ഥിരം സ്‌പൈ ത്രില്ലറുകളില്‍ കാണുന്നതൊന്നും ഇല്ലാതെയായിരുന്നു ചിത്രത്തിന്റെ വരവ്. അപാര്‍ശക്തി ഖുറാന, ഇഷ്വക് സിങ് എന്നിവര്‍ക്കൊപ്പം രാഹുല്‍ ബോസ്, അനുപ്രിയ ഗോയങ്ക, നിതേഷ് പാണ്ഡെ, കബീര്‍ ബേദി തുടങ്ങിയവരും ചിത്രത്തിലെത്തി.
ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു റാസി. പാകിസ്ഥാനി പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവാഹശേഷം പിതാവിൻ്റെ നിർദേശ പ്രകാരം ഇന്ത്യന്‍ ചാരയായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതയാകുന്ന സെഹ്മതിന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങൾ ആലിയ ചിത്രത്തിൽ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ബോളിവുഡ് സിനിമകളിലെ ചാരക്കഥകളുടെ ക്ലീഷേകൾ തകർത്തെറിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്.
നീരജ് പാണ്ഡെ രചനയും സംവിധാനവും നിർവഹിച്ച് 2015ൽ പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലർ ചിത്രമാണ് ബേബി. അക്ഷയ് കുമാർ, അനുപം ഖേർ, റാണ ദഗുബതി, തപ്‌സി പന്നു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തി. ബോക്സോഫീസിലും ചിത്രം വലിയ വിജയമായി മാറി. ബാക്ക്ഗ്രൗണ്ട് സ്കോർ, ഛായാഗ്രഹണം തുടങ്ങി ചിത്രത്തിലെ എല്ലാ വശങ്ങളും കൈയ്യടി നേടി.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടൊരുക്കിയ ചിത്രമാണ് മദ്രാസ് കഫേ. കൺവെൻഷൻ രീതികളെയെല്ലാം മറികടന്ന ചിത്രം കൂടിയായിരുന്നു ഇത്. ഷൂജിത് സിർകാർ സംവിധാനം ചെയ്ത ചിത്രത്തിൽ ജോൺ എബ്രഹാം, നർഗിസ് ഫക്രി, റാഷി ഖന്ന എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച ചിത്രമാണ് വാർ. ഹൃത്വിക് റോഷൻ, ടൈഗർ ഷറോഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. താരങ്ങളുടെ അഭിനയത്തിനും ആക്ഷൻ സീക്വൻസുകൾക്കുമെല്ലാം ചിത്രം കൈയ്യടി നേടി. ബോക്സോഫീസിൽ വൻ വിജയമായി മാറുകയും ചെയ്തു ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക