![Sai pallavi](http://media.assettype.com/samakalikamalayalam%2F2024-10-25%2Fdb42oz73%2Fsai-pallavi.jpeg?w=480&auto=format%2Ccompress&fit=max)
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. ശിവകാർത്തികേയനൊപ്പം എത്തുന്ന 'അമരന്‍' ആണ് സായ് പല്ലവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളിലെത്തുക. അമരന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് നേരത്തെ തന്നെ നടി വെളിപ്പെടുത്തിയിരുന്നു.
പ്രേമം റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ഗ്ലാമറസ് വേഷങ്ങൾ താൻ ഒഴിവാക്കാൻ കാരണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. 'ജോർജിയയിൽ ഒരിക്കൽ ഞാനൊരു ഡാൻസ് പ്രോഗ്രാം ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചിട്ടാണ് ആ കോസ്റ്റ്യൂം ഇട്ടത്.
പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണീ പെൺകുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നി. അന്ന് ആ ഡാൻസ് വിഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചു. മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു. എനിക്കത് വളരെ അൺ കംഫർട്ടബിളായി. വിദേശത്ത് നിന്ന് ഒരാൾ വന്ന് ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ അവർക്കിഷ്ടപ്പെട്ട ഷോർട്ട്സ് ധരിച്ച് ചെയ്യാൻ പറ്റില്ല.
അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്. എന്നാൽ ഈ ഡാൻസ് ആളുകൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു. ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണ്.
ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളിൽ ഞാൻ ഓക്കെയാണ്. നല്ല കഥാപാത്രങ്ങളുണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റൂ' - സായ് പല്ലവി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക