ആർക്കും അറിയാത്ത അന്യഭാഷ ചിത്രം കേരളത്തിൽ കൊണ്ടുവന്ന് തള്ളുന്നതു കാരണം മലയാളത്തിൽ നല്ല കണ്ടന്റുള്ള കൊച്ചു സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള അവസരം നഷ്ടമാകുന്നുവെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിന്നും അറിയപ്പെടാത്ത സിനിമകൾ വലിയ വിതരണക്കാർ കേരളത്തിൽ കൊണ്ടുവന്ന് തള്ളുകയാണ്. തിയറ്റർ ഉടമകളിൽ സമ്മർദ്ദമുണ്ടാക്കി അവർ തിയറ്ററുകൾ പിടിച്ചെടുക്കുമ്പോൾ മലയാളത്തിൽ നിന്നുള്ള കണ്ടന്റ് പ്രാധാന്യമുള്ള കൊച്ചു സിനിമകൾ എങ്ങനെ റിലീസ് ചെയ്യാനാണെന്നും ഫെയ്‌സ്ബുക്കിൽ അദ്ദേഹം കുറിച്ചു.
'ആർക്കും അറിയില്ലാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ഇവിടെയുള്ള പ്രധാന വിതരണക്കാർ കേരളത്തിലെ തിയറ്ററുകളിൽ കൊണ്ടുവന്ന് തള്ളുകയാണ്. ഇത്തരം വിതരണക്കാർ തിയറ്റർ ഉടമകളുടെ മേൽ സമ്മർദം ചെലുത്തി അന്യഭാഷ സിനിമകൾ കൊണ്ട് തിയറ്ററുകൾ നിറയ്ക്കുമ്പോൾ മലയാള സിനിമകൾ എങ്ങനെ ഇവിടെ റിലീസ് ചെയ്യും? കണ്ടന്റ് പ്രാധാന്യമുള്ള മലയാള സിനിമകളെ അവഗണിച്ചാണ് ഇതുപോലുള്ള പേരറിയാത്ത സിനിമകൾക്ക് കൂടുതൽ സ്ക്രീൻസും ഷോയും തിയറ്റർ ഉടമകൾ നൽകുന്നത്.
മലയാള സിനിമകളുടെ ഐഡന്റിറ്റി ഇതുമൂലം നഷ്ടപ്പെടും. പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകൾ മാത്രം ഇവിടെ റിലീസ് ചെയ്യും. മറ്റുള്ള കൊച്ചു മലയാള സിനിമകൾ പത്തോ അതിലധികമോ ആയി ഒരു മഴക്കാലത്ത് ഒറ്റ ദിവസം റിലീസ് ചെയ്യും.
ഖൽബ് എന്ന സിനിമ ഇതിനിടയിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. അസോസിയേഷനോട് ഒരു അപേക്ഷയുണ്ട്, ഇതൊരു ദുരവസ്ഥയാണ്. നിങ്ങളുടെ കണ്ണ് തുറക്കണം. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ക്രിസ്‌മസിന് ഒരു ഒറ്റ മലയാള സിനിമയാണ് റിലീസ് ചെയ്തത്'- വിജയ് ബാബു പറഞ്ഞു.
ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖൽബ്. ‘മൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ രഞ്ജിത്ത് സജീവ് ആണ് നായകൻ. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. ഇന്നാണ് ചിത്രത്തിന്റെ റിലീസ്. ഖൽബിനൊപ്പം ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, ശിവകാർത്തികേയന്റെ അയലാൻ, തെലുങ്ക് ചിത്രം ഹനുമാൻ, അരുൺ വിജയ്‍യുടെ മിഷൻ എന്നീ സിനിമകൾ കേരളത്തിൽ ഇന്ന് റിലീസ് ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates