കൊച്ചി: എംപുരാന്‍ വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. എംപുരാന്‍ വിവാദം അവസാനിച്ചെന്നും സിനിമയില്‍ വളരെ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ
"ഭയമല്ല, നമ്മൾ ഒരു സമൂഹത്തിൽ ജീവിക്കുന്നവരാണല്ലോ. മറ്റുള്ള ആളുകളെ വേദനിപ്പിക്കണമെന്നോ വേറെ ആളുകൾക്ക് വിഷമമുണ്ടാകുന്ന കാര്യങ്ങൾ ഒന്നും ജീവിതത്തിൽ ചെയ്യണമെന്ന് ആഗ്രഹിച്ച് സിനിമ ചെയ്യുന്ന ഗ്രൂപ്പ് അല്ല ഞങ്ങളാരും. മോഹൻലാൽ സാറും അതേ, പൃഥ്വിരാജും അതേ. എന്റെ അനുഭവത്തിൽ അത്തരം കാര്യങ്ങൾ ഞങ്ങൾക്കറിയില്ല, ഞങ്ങൾ കേട്ടിട്ടില്ല.
അങ്ങനെയൊരു അസോസിയേഷനിലും നമ്മൾ പോയിട്ടില്ല. ഈ സിനിമ വന്നപ്പോൾ ഏതെങ്കിലും ആളുകൾക്ക് അതിൽ സങ്കടമുണ്ടെങ്കിൽ, ആ സങ്കടത്തിനെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഒരു സിനിമ നിർമാതാവ് എന്ന നിലയിലും സംവിധായകനും അതിൽ അഭിനയിച്ചവർക്കും ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ വിശ്വാസത്തിന്റെ പേരിൽ ഞങ്ങളുടേതായ ഒരു തീരുമാനമാണ്, ഞങ്ങളൊന്നിച്ച് കൂട്ടായിട്ടെടുത്ത ഒരു തീരുമാനമാണ് അതിലൂടെയാണ് ഈ എഡിറ്റ് നടന്നിരിക്കുന്നത്.
അത് രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് ആ സിനിമയിൽ നിന്ന് മാറ്റിയിരിക്കുന്നത്. ഇത് വേറെയാരുടെയും നിർദേശപ്രകാരമൊന്നുമല്ല. ഞങ്ങളുടെ സ്വന്തം ഇഷട്പ്രകാരം തന്നെയാണ്. ഇനി ഭാവിയിലായാലും നമ്മൾ ഒരു കാര്യം ചെയ്ത് കഴിയുമ്പോൾ ഏതൊരാൾക്കാർക്ക് വിഷമമുണ്ടായാലും അതിനെ അതുപോലെ തന്നെ സമീപിക്കണമെന്ന് വിശ്വസിച്ച് ജീവിക്കുന്നവരാണ് ഞങ്ങളെല്ലാവരും. വലിയ പ്രോബ്ലമുള്ള കാര്യമൊന്നുമില്ല.
ആരുടെയും ആവശ്യമാണെന്ന് പറയാൻ പാടില്ല. സിനിമ ഉണ്ടാകുന്ന സമയത്ത് മുൻ കാലങ്ങളിലും അത് നടന്നിരിക്കുന്നതാണ്. ഏത് വിഭാഗത്തിൽപ്പെട്ട, പാർട്ടി അല്ലാതെ തന്നെ, ഒരു വ്യക്തിയ്ക്ക് ഒരു വിഷമമുണ്ടായാൽ തന്നെ നമ്മളതിനെപ്പറ്റി ചിന്തിക്കുകയും കറക്ട് ചെയ്യുകയും ചെയ്യണമെന്ന് വിശ്വസിക്കുന്ന ഒരു ഗ്രൂപ്പിൽപ്പെട്ട ആളുകളാണ് ഞങ്ങൾ. വളരെ ചെറിയ കാര്യങ്ങൾ മാത്രമേ സിനിമയിൽ ഉള്ളൂ.
സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ജനങ്ങൾ അതിനെ നല്ല രീതിയിൽ സ്വീകരിക്കുകയും ഏത് സാധാരണക്കാരന് ഒരു വിഷമമുണ്ടായി എന്ന് പറഞ്ഞാൽ പോലും അതിനെ കറക്ട് ചെയ്യണമെന്ന് ചിന്തിക്കുന്ന ആൾക്കാരാണ് ഞങ്ങൾ. ഞങ്ങൾ എന്ന് ഉദ്ദേശിക്കുന്നത്, ഞാൻ നിർമിക്കുന്ന സിനിമകളിൽ അസോസിയേറ്റ് ചെയ്യുന്ന എല്ലാ ആൾക്കാരെയും ഉൾപ്പെടുത്തിയാണ് പറയുന്നത്.
വിയോജിപ്പുകൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതം ആവശ്യമാണ്. ഈ സമ്മതത്തിലൂടെ തന്നെ ചെയ്യുന്ന കാര്യമാണത്. മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥയറിയാം. ഞങ്ങൾക്കെല്ലാവർക്കും അറിയാം. അത് അറിയില്ലായെന്ന് ഞാൻ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ല. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി അറിയുന്ന ആളുകളാണ്.
ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ നിർമിക്കണമെന്നും ഈ സിനിമ വരണമെന്നും. ഈ സിനിമയിൽ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന് വിചാരിച്ച പൃഥ്വിരാജ് ഉൾപ്പെടെ ഈ സമൂഹത്തിൽ ജീവിക്കുന്നത് അല്ലേ. മോഹൻലാലിന് അറിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഞങ്ങളെല്ലാവരും ഈ സിനിമയെ മനസിലാക്കിയിരിക്കുന്നതാണ്. അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ കറക്ട് ചെയ്യുക എന്നുള്ളത് ഞങ്ങളുടെ ഡ്യൂട്ടിയാണ്. ഇതാരുടെയും സമ്മർദത്തിന്റെ പുറത്ത് എടുത്ത തീരുമാനമല്ല. ജനം സിനിമ ഏറ്റെടുത്തു. സിനിമയുടെ മൂന്നാം ഭാഗം വരും"- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക