
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ആഞ്ചലസിൽ വച്ചായിരുന്നു അന്ത്യം. ന്യുമോണിയയെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് മകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2014 ൽ അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകൾ അറിയിച്ചിരുന്നു. 90 കളിൽ ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കിൽമർ.
ടോപ്പ് ഗൺ (1986) എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991 ൽ ഒലിവർ സ്റ്റോണിന്റെ ദ് ഡോർസിൽ, ജിം മോറിസണായി വേഷമിട്ടതും കിൽമറിന്റെ പ്രശസ്തി വർധിപ്പിച്ചു. 'ടോംബ് സ്റ്റോൺ', 'ഹീറ്റ്', 'ബാറ്റ്മാൻ ഫോറെവർ' എന്നിവയുൾപ്പെടെ വിജയകരമായ നിരവധി ചിത്രങ്ങൾ കിൽമറിന്റെതായി പുറത്തുവന്നു.
ഇതെല്ലാം ബോക്സ്ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. തൊണ്ടയിൽ കാൻസർ ബാധിച്ചതോടെ അദ്ദേഹത്തിന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ നിന്ന് ഏറെ കാലം വിട്ടു നിന്നിരുന്നുവെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ മാവെറിക്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയിരുന്നു.
2021ൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 'വാൽ' എന്ന ഡോക്യുമെന്ററിയും പുറത്തുവന്നു. 1988 ൽ നടി ജോവാൻ വാലിയെയാണ് വാൽ കിൽമർ വിവാഹം കഴിച്ചത്. 1996ൽ ഇരുവരും വേർപിരിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക