
പണി സിനിമയിലെ സാഗർ സൂര്യ അവതരിപ്പിച്ച ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലൻ കഥാപാത്രം മലയാളികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ഇത്രയും വെറുക്കപ്പെട്ട ഒരു വില്ലനെ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് ചിത്രം കണ്ട ശേഷം പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. എന്നാൽ യഥാർഥ ജീവിതത്തിൽ താൻ അങ്ങനെയല്ല എന്ന് പറയുകയാണ് സാഗർ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു സാഗർ ഇക്കാര്യം പറഞ്ഞത്.
റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് ഇനി തനിക്ക് സിനിമ കിട്ടുമോ എന്നൊരു പേടിയുണ്ടായിരുന്നുവെന്നും സാഗർ പറഞ്ഞു. "ഞാൻ ശരിക്കും സിനിമ ചെയ്തിട്ടാണ് അതിനുള്ളിലേക്ക് പോകുന്നത്. സിനിമ ചെയ്തിട്ട് നിൽക്കുമ്പോൾ പോലും എനിക്ക് നല്ല അവസരങ്ങൾ വന്നില്ല. അപ്പോൾ റിയാലിറ്റി ഷോയിലേക്ക് പോകുമ്പോൾ ഇനി എന്നെ സിനിമകൾ തേടിയെത്താൻ വഴിയില്ല എന്ന രീതിയിൽ തന്നെയായിരുന്നു എനിക്ക് തോന്നിയത്.
മുന്നോട്ട് ജീവിതം പോകണം, വീട്ടുകാരെ നോക്കണം എന്നൊരു ഘട്ടമെത്തിയപ്പോഴാണ് ഞാൻ ഒരു റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. ആ സമയത്ത് എനിക്കറിയാം, എന്റെ കരിയർ ഇനി ഉണ്ടാകില്ല എന്ന്. ഞാൻ പൊതുവേ ഒരു പ്രശ്നത്തിലും ഇടപെടാത്ത ഒരാളാണ്. പക്ഷേ ഷോയ്ക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങൾ സംസാരിക്കേണ്ടി വരും. എന്തെങ്കിലുമൊക്കെ പറയണ്ടേ, അല്ലെങ്കിൽ ഞാൻ പുറത്തുപോകുമല്ലോ.
എന്നെ ചിലപ്പോൾ ആരെങ്കിലും തല്ലിയാൽ, ഒന്നുമില്ലെടാ നീ പൊക്കോ എന്ന് പറയുന്നയാളാണ് ഞാൻ. ഞാൻ ആ ഷോയിൽ പങ്കെടുക്കുമ്പോൾ തന്നെ എനിക്കറിയാം എന്റെ കരിയർ തീർന്നുവെന്ന്. ഷോയിൽ നിന്ന് പുറത്തുപോയപ്പോൾ ഇനി എന്ത് ചെയ്യുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. ആ സമയത്താണ് എന്നെ ജോജു ചേട്ടൻ വിളിക്കുന്നത്. ഞാൻ ഇതിന്റെ വലിയ ഫാനായിരുന്നു, ഇതിൽ നിന്നാണ് ഞാൻ നിന്നെ കാസ്റ്റ് ചെയ്തത് എന്നൊക്കെ പറഞ്ഞു.
പക്ഷേ അങ്ങനെ ഷോയിൽ പങ്കെടുത്തവർക്ക് സിനിമകൾ കിട്ടുന്നത് വളരെ അപൂർവമാണ്. ഇത്രയും വലിയൊരു ബാനറിൽ ഇത്രയും നല്ല ലീഡ് കഥാപാത്രങ്ങൾ, അത് ഇത്രയും ഹിറ്റായി എന്നൊക്കെ പറയുന്നത് വലിയൊരു മാജിക് ആണ്. സിനിമ ഒരു മാജിക് ആണ്". - സാഗർ സൂര്യ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക