
അല്ലു അർജുൻ- അറ്റ്‌ലി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. AA22 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഇന്നലെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നിരുന്നു. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും പുറത്തുവന്നിരുന്നു. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവും ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റർ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഹോളിവുഡ് ചിത്രമായ ഡ്യൂണിന്റെ പോസ്റ്ററിനോട് സമാനമാണ് ചിത്രത്തിന്റെ പോസ്റ്റർ എന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ. പോസ്റ്ററിന്റെ കളർ കോമ്പിനേഷൻ പോലും ഒരുപോലെയാണെന്നാണ് എക്സിൽ നിറയുന്ന കമന്റുകൾ. മുൻപും അറ്റ്‌ലി ചിത്രങ്ങൾക്ക് നേരെ കോപ്പിയടി ആരോപണം ഉയർന്നിട്ടുണ്ട്.
'അറ്റ്‌ലിയ്ക്ക് ഇനിയും കോപ്പിയടി നിർത്താറായില്ലേ', 'സിനിമ ഇനി എങ്ങനെയായിരിക്കും'- എന്നൊക്കെയാണ് ചിത്രത്തിന്റെ പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. അതേസമയം സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്ന് നിരവധി സാങ്കേതിക പ്രവർത്തകരും ഭാഗമാകുന്നുണ്ട്. അല്ലു അർജുന്റെ 43-ാം പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
ഓഗസ്റ്റിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിൽ അഭിനയിക്കാനായി നടി പ്രിയങ്ക ചോപ്രയെ സമീപിച്ചതായും നടി അത് നിരസിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ബോളിവുഡ് ചിത്രം ജവാൻ ആണ് അറ്റ്‌ലിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വർഷം പുറത്തിറങ്ങി ബ്ലോക്ക് ബസ്റ്റർ ആയി മാറിയ പുഷ്പ 2 ആണ് അല്ലു അർജുന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക