Mollywood Directors: 'അച്ഛന്‍റെ അത്ര പോര', അതോ 'അതുക്കും മേലെയോ'; ഹിറ്റ് സംവിധായകരുടെ മക്കളുടെ ഗ്രാഫ് ഇങ്ങനെ

ഹിറ്റ് ഫിലിംമേക്കേഴ്സായ അച്ഛൻമാരുമായുള്ള താരതമ്യപ്പെടുത്തലുകളും പലപ്പോഴും ഈ രണ്ടാം തലമുറക്കാർ നേരിടേണ്ടി വരാറുണ്ട്.
Malayalam movie directors
വിനീത് ശ്രീനിവാസൻ, അനൂപ് സത്യൻ, ഡീനോ ഡെന്നിസ്ഇൻസ്റ്റ​ഗ്രാം

ഓരോ വർഷവും ഒട്ടേറെ പുതുമുഖ സംവിധായകരാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഇക്കൂട്ടത്തിലേക്ക് പേരെടുത്ത പല സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നടൻമാരുടെയുമൊക്കെ മക്കൾ ഉണ്ടാകാറുമുണ്ട്. മലയാളത്തിലെ മികച്ച സിനിമകളും ക്ലാസിക് സിനിമകളുമൊക്കെ ഒരുക്കിയ ഇവരുടെ മക്കൾ പുതിയ പരീക്ഷണങ്ങളുമായി എത്തിയതിനെ ആവേശത്തോടെയാണ് മലയാളികൾ എന്നും സ്വീകരിച്ചിട്ടുള്ളതും.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, നിതിൻ രൺജി പണിക്കർ, അഭിലാഷ് ജോഷി, ജീൻ പോൾ ലാൽ, അനൂപ് സത്യൻ, അഖിൽ സത്യൻ, ജഗൻ ഷാജി കൈലാസ് തുടങ്ങി രണ്ടാം തലമുറക്കാരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ, തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസും. സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും പിതാക്കന്‍മാരുടെ യശസിനൊത്ത് ഉയരാൻ കഴിഞ്ഞവർ ചുരുക്കമാണ്. ഹിറ്റ് ഫിലിംമേക്കേഴ്സായ അച്ഛൻമാരുമായുള്ള താരതമ്യപ്പെടുത്തലുകളും പലപ്പോഴും ഈ രണ്ടാം തലമുറക്കാർ നേരിടേണ്ടി വരാറുണ്ട്.

കാലഘട്ടവും കഥയും കഥാപാത്രങ്ങളുമെല്ലാം വ്യത്യസ്തമാണെങ്കിൽ പോലും അച്ഛന്റെ അത്ര പോരാ എന്ന പഴിയും ചിലപ്പോൾ ഇവർക്ക് കേൾക്കേണ്ടി വരാറുണ്ട്. തിരക്കഥാരം​ഗത്തും സംവിധാന രം​ഗത്തും അച്ഛൻമാരുടെ പാത പിന്തുടർന്നെത്തിയ ഈ പുതു തലമുറക്കാർ ക്രാഫ്റ്റ് കൊണ്ടും പെർഫോമൻസ് കൊണ്ടും മലയാള സിനിമയിൽ ചരിത്രം കുറിച്ചോ അതോ പരാജയങ്ങളുടെ പടുകുഴിയിലേക്ക് വീണു പോയോ എന്ന് നോക്കാം.

1. കലൂര്‍ ഡെന്നിസ്- ഡീനോ ഡെന്നിസ്

Deeno Dennis
കലൂര്‍ ഡെന്നിസ്, ഡീനോ ഡെന്നിസ്ഇൻസ്റ്റ​ഗ്രാം

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നിസ്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെയെല്ലാം ആദ്യകാല ഹിറ്റ് സിനിമകൾ കലൂർ ഡെന്നിസിന്റെ തൂലികയിൽ പിറന്നവയാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി മമ്മൂട്ടി നായകനായ മൂന്നു സിനിമകൾ ആണ് 1986ലെ വിഷു റിലീസ് ആയെത്തിയത്. മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിലൊന്നായ ജോഷി സംവിധാനം ചെയ്ത ആ രാത്രി എന്ന ചിത്രത്തിന് പിന്നിലും കലൂർ ഡെന്നിസുണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം മറ്റൊരു വിഷുവിന് കലൂർ ഡെന്നിസിന്റെ മകൻ മമ്മൂട്ടിയുമായി പ്രേക്ഷകർക്ക് മുന്നിലെത്തി, ബസൂക്കയിലൂടെ. പ്രഖ്യാപനം മുതൽ ചിത്രത്തിൽ പ്രേക്ഷകന് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തിയറ്ററിലെത്തിയപ്പോൾ നിരാശയായിരുന്നു പലരുടെയും കണ്ണുകളിൽ. അവസാനം വരെ സസ്പെൻസ് നിലനിർത്തുന്ന രീതിയിലാണ് ബസൂക്ക പോകുന്നതെങ്കിലും സംവിധാനത്തിൽ തന്നെയാണ് ഡീനോയ്ക്ക് പിഴവുകൾ സംഭവിച്ചിരിക്കുന്നത്.

ഡീനോ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. ആദ്യ സിനിമയിൽ ചെറുതായി ഒന്ന് പാളിയിട്ടുണ്ടെങ്കിലും ഡീനോയിൽ മലയാളികൾ പ്രതീക്ഷ വയ്ക്കുന്നുണ്ട്. വരും ചിത്രങ്ങളിൽ ഡീനോ തെളിയുമെന്ന കാര്യം ഉറപ്പാണ്.

2. ജോഷി- അഭിലാഷ് ജോഷി

Abhilash Joshiy
ജോഷി- അഭിലാഷ് ജോഷിഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ വലിയ സിനിമകൾ ഒരുക്കുകയും സൂപ്പർ ഹിറ്റുകൾ നിരവധി സൃഷ്ടിക്കുകയും ചെയ്യുന്ന സംവിധായകനാണ് ജോഷി. സൂപ്പർ സ്റ്റാർ ചിത്രങ്ങളാണ് ജോഷി കൂടുതലായും ഒരുക്കുന്നത്. മലയാളത്തിലെ നിരവധി ഹിറ്റ് മേക്കേഴ്സായ സീനിയർ സംവിധായകർ സിനിമ രംഗത്തു നിന്നും പിന്മാറിയെങ്കിലും ജോഷി ഹിറ്റുകൾ സൃഷ്ടിച്ച് ഇന്നും മലയാളത്തിലെ ഒന്നാം നിര സംവിധായകനാണ്.

ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് പാൻ ഇന്ത്യൻ ലെവൽ പീരിഡ്‌ ഗ്യാങ്സ്റ്റർ ചിത്രമായ കിങ് ഓഫ് കൊത്ത ഒരുക്കിയത്. ഏതൊരു നവാഗത സംവിധായകനും കൊതിക്കുന്ന ഒരു സ്വപ്ന അരങ്ങേറ്റമാണ് അഭിലാഷ് ജോഷിക്ക് ലഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. ജോഷിയുടെ മകൻ എന്ന നിലയിൽ പ്രേക്ഷകർ അഭിലാഷിൽ അർപ്പിച്ച വിശ്വാസവും വളരെ വലുതായിരുന്നു. അതുകൊണ്ട് തന്നെ 2023ലെ ഏറ്റവും ഹൈപ്പുള്ള മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു കിങ് ഓഫ് കൊത്ത.

മാസ് എന്റർടെയ്നർ ഴോണറിലുള്ള ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വലിയ ഹൈപ്പും പ്രതീക്ഷകളുമായി ഓണം റിലീസായെത്തിയ ഈ ദുൽഖർ ചിത്രം പക്ഷേ തിയറ്ററുകളിൽ പ്രേക്ഷകരെ നിരാശപ്പെടുത്തി. പരാജയം ഏറ്റുവാങ്ങിയെന്ന് മാത്രമല്ല ചിത്രത്തിലെ പല കഥാപാത്രങ്ങളുടെ പേരിലും ട്രോളുകൾ പോലുമിറങ്ങി.

എന്തായാലും ഒരു കൊത്ത കൊണ്ട് മാത്രം തള്ളി കളയുന്നില്ല അഭിലാഷ് ജോഷി എന്ന സംവിധായകനെ മലയാളികൾ. ഇംപ്രൂവ്മെന്റുകളുമായി മലയാള സിനിമയിൽ അടുത്ത ചിത്രവുമായി എത്തും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

3. സത്യൻ അന്തിക്കാട് - അനൂപ് സത്യൻ, അഖിൽ സത്യൻ

Anoop Sathyan
സത്യൻ അന്തിക്കാട് - അനൂപ് സത്യൻഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ രണ്ടാം തലമുറയിലെ സംവിധായകർ ഹിറ്റ് സൃഷ്ടിക്കുന്നത് ആദ്യ കാഴ്ചയല്ല. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിൻ്റെ രണ്ടു മക്കളും മലയാളത്തിൽ സംവിധായകരായി അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ഹിറ്റ് ചിത്രമായിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രവും ഹിറ്റായി മാറിയിരുന്നു. അച്ഛൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോ​ഹൻലാൽ ചിത്രം ഹൃദയപൂർവത്തിന്റെ പണിപ്പുരയിലും അനൂപും അഖിലുമുണ്ട്. ആദ്യ ചിത്രത്തിൽ തന്നെ വിജയത്തിന്റെ മധുരം നുകർന്നതു കൊണ്ട് തന്നെ അനൂപിന്റെയും അഖിലിന്റെയും ചിത്രങ്ങളിൽ പ്രേക്ഷകർ മിനിമം ​ഗ്യാരന്റി പ്രതീക്ഷ പുലർത്താറുണ്ട്.

4. ശ്രീനിവാസൻ- വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ

Vineeth, Dhyan
വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻഇൻസ്റ്റ​ഗ്രാം

മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള നടനാണ് ശ്രീനിവാസൻ. അച്ഛന്റെ വഴിയിലൂടെ തന്നെ സിനിമയിലെത്തിയവരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസവനും. ഇന്നു മലയാളത്തിൽ സക്സസ് ആയി നിൽക്കുന്ന രണ്ടു പേരുകളാണ് ഇവരുടേത്. അഭിനയത്തിലൂടെ ആണ് വിനീത് ശ്രീനിവാസൻ സിനിമയിലെത്തിയത്. 2010 ൽ നിരവധി പുതുമുഖങ്ങളുമായി മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രവുമായി വിനീത് സംവിധായകന്റെ കുപ്പായമണിഞ്ഞു.

ആ വർഷം പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ്. ചിത്രത്തിന്റെ കഥയൊരുക്കിയതും വിനീത് തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് മികച്ച ഒരുപിടി ചിത്രങ്ങളുമായി വിനീത് മലയാളികൾക്ക് മുൻപിലെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ വിനീതിന് നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നു.

മുൻപ് ചെയ്ത സിനിമകളുടെ ആവർത്തനമായിരുന്നു വിനിതീന് നേരെ ഏറ്റവും കൂടുതൽ ഉയർന്ന ആരോപണം. ചേട്ടൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അഭിനയത്തിലാണ് ധ്യാൻ ആദ്യം ചുവടുവച്ചത്. ആദ്യ സിനിമയിൽ തന്നെ ധ്യാൻ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സംവിധാന രം​ഗത്തേക്ക് കടക്കുന്നത്. ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

5. ലാൽ- ജീൻ പോൾ ലാൽ

Lal Jr
ലാൽ- ജീൻ പോൾ ലാൽഇൻസ്റ്റ​ഗ്രാം

നടനായും സംവിധായകനായും നിർമാതാവായും മലയാളികളുടെ ഇഷ്ടം നേടിയ നടനാണ് ലാൽ. 2013 ലാണ് ലാലിന്റെ മകൻ ജീൻ സിനിമയിൽ സംവിധാന അരങ്ങേറ്റം കുറിക്കുന്നത്. ഹണി ബീ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ലാൽ എത്തുന്നത്. യുവാക്കൾക്കിടയിൽ ചിത്രം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലാലിന്റെ അത്ര ജനപ്രീതി നേടാൻ ജീനിന് ആയില്ല എന്നതാണ് സത്യം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നടികർ ആണ് ലാൽ ജൂനിയറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വൻ ഹൈപ്പിലാണ് ചിത്രമെത്തിയതെങ്കിലും തിയറ്ററുകളിൽ പരാജയമായി മാറി. പ്രതീക്ഷയ്ക്കൊത്ത് ചിത്രം നിലവാരം പുലർത്തിയില്ല എന്ന് തന്നെയായിരുന്നു പ്രേക്ഷകാഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com