'ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് ഭർത്താവിനെയും കുടുംബത്തെയുമാണ്'; ആലപ്പി അഷറഫ് പറയുന്നു

ഒരു ഭർത്താവും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് വീണ പറഞ്ഞത്.
Manju Pathrose, Veena Nair, Arya
വീണ നായർ, ആര്യ, മഞ്ജു പത്രോസ്ഫെയ്സ്ബുക്ക്
Updated on

നടിമാരായ വീണ നായർ, മഞ്ജു പത്രോസ് എന്നിവരെ പോലെ പലരുടെയും കുടുംബ ജീവിതം തകരാൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ കാരണമായി എന്ന് സംവിധായകൻ ആലപ്പി അഷറഫ്. ‘ബിഗ് ബോസ്’ ഷോയിലൂടെ ഏറ്റവും നേട്ടം കൊയ്തത് അഖിൽ മാരാർ ആണെന്നും അദ്ദേഹം പറഞ്ഞു. വാചകക്കസർത്ത് കൊണ്ടാണ് അഖിൽ മാരാർ വിജയിച്ചത്.

വട്ടപ്പൂജ്യത്തിൽ നിന്ന് കൊട്ടക്കണക്കിന് പണവും പ്രശസ്തിയുമുണ്ടാക്കാൻ അഖിൽ മാരാറിന് കഴിഞ്ഞെന്നും സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമയാതെ ശ്രദ്ധയോടെ മുന്നേറിയാൽ അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയുമെന്നും ആലപ്പി അഷറഫ് പറഞ്ഞു. റൗഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന നടൻ സാബുവിന്റെ ഇമേജ് മാറിയതും പേളി മാണിക്ക് സുന്ദരമായ കുടുംബ ജീവിതം ലഭിച്ചതും ബിഗ് ബോസിൽ നിന്നാണെന്നും ആലപ്പി അഷറഫ് പറഞ്ഞു.

‘‘വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സ്വഭാവമുള്ള വ്യക്തികൾ വേർതിരിവില്ലാതെ മൂന്നു മാസത്തോളം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വലിയ ബം​ഗ്ലാവിൽ താമസിക്കുന്നു. അവരെ നിയന്ത്രിക്കുന്ന അദൃശ്യ മനുഷ്യനാണ് ബിഗ് ബോസ്. ആഴ്ചയിൽ രണ്ടു ദിവസം ഇവരെ കാണാനും ഇവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും എത്തുന്ന ആളാണ് മോഹൻലാൽ. കോടികൾ മുടക്കിയാണ് ബിഗ് ബോസ് എന്ന ഈ പരിപാടി ഒരുക്കിയിരിക്കുന്നത്.

‘മലയാളി ഹൗസ്’ എന്ന പേരിൽ മറ്റൊരു ചാനലിലാണ് ഇതാദ്യം തുടങ്ങുന്നത്. അതിനെതിരെ ഒരുപാട് ജനരോഷവും ഉണ്ടായി. അന്ന് മലയാളി ഹൗസിലെ വിജയ് രാഹുൽ ഈശ്വർ ആയിരുന്നു. പിന്നീട് അഞ്ച് വർഷത്തിനുശേഷമാണ് ബിഗ് ബോസ് പ്രത്യക്ഷപ്പെടുന്നത്. ബിഗ്‌ ബോസിന്റെ ആദ്യ സീസൺ ഗംഭീര വിജയവും കോളിളക്കവും സൃഷ്ടിച്ചതുമായിരുന്നു. അതിന്റെ പ്രധാന പങ്ക് മോഹൻലാലിനുള്ളതാണ്. ആദ്യ സീസണിൽ തന്നെ തെറിവിളി, തമ്മിലടി, അപവാദങ്ങൾ, അക്രമങ്ങൾ എന്നിവ ഉണ്ടായിരുന്നു. ആ സീസണിന്റെ വിജയി നടൻ സാബുമോനായിരുന്നു.

ഒരുപാട് കേസുകളും പ്രശ്നങ്ങളും ഉണ്ടായിരുന്ന സമയത്താണ് സാബുവിന് ബിഗ്‌ ബോസിൽ അവസരം ലഭിക്കുന്നത്. അതൊക്കെ പെട്ടന്നാണ് മാറിയത്. നാടൻ റൗഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന സാബു പെട്ടന്നാണ് രജനികാന്ത് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പോലെ കോട്ടും സ്യൂട്ടുമിട്ട് വരാൻ തുടങ്ങി. രജനിക്ക് കിട്ടുന്നതുപോലെ കൈയടിയും വാങ്ങി. സാബുമോൻ നല്ലവനായ ഉണ്ണിയായി മാറി കരിയർ മെച്ചപ്പെടുത്തി. ആ സീസണിലെ റണ്ണറപ്പായ പേളി മാണി സുന്ദരമായ കുടുംബജീവിതവും നയിക്കുന്നു. പിന്നീടുള്ള സീസണുകൾ ഇങ്ങനെയായിരുന്നില്ല.

അങ്ങനെയുള്ള കുറച്ച് പേരെ പരിചയപ്പെടാം. ഡോ രജിത് കുമാറിന് ഏറ്റവുമധികം ജനപിന്തുണ ലഭിച്ചിരുന്നു. കപ്പടിക്കുന്നതിന് തൊട്ടുമുമ്പ് വിവരക്കേട് ചെയ്ത് ആണ് അദ്ദേഹം പുറത്തായത്. കലാരംഗത്ത് ശോഭിച്ച സമയത്താണ് നടി വീണാ നായർ ബിഗ്‌ ബോസിലേക്ക് കടന്നുവരുന്നത്. നല്ല പെരുമാ​റ്റമുളള നടിയാണ് വീണ. അവർ എപ്പോഴും ഭർത്താവിനെയും മകനെയും കുറിച്ച് സംസാരിക്കുമായിരുന്നു. ബിഗ്‌ ബോസിന്റെ നിർദ്ദേശപ്രകാരം ഒരു തുറന്നുപറച്ചിലിന് അവസരം ലഭിച്ചപ്പോൾ ഭർത്താവിനോട് പോലും പറയാത്ത ചില അപ്രിയ സത്യങ്ങൾ അവർ പ്രേക്ഷകർക്ക് മുൻപിൽ പറഞ്ഞു.

ഒരു ഭർത്താവും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് വീണ പറഞ്ഞത്. ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി മല്ലടിച്ച തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ തെറ്റാണെന്ന് അറിഞ്ഞിട്ടും മനസ്സിലാ മനസ്സോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനത്തെപ്പറ്റി ആണ് വീണ പറഞ്ഞത്. എല്ലാം എപ്പോഴും എല്ലാവരോടും വിളിച്ചു പറയേണ്ടതല്ല വിവേകം. ഓരോന്നും അറിയേണ്ടവരില്‍ മാത്രം ഒതുക്കണം.

ഈ ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് അവർ സ്നേഹനിധി എന്ന് കരുതിയിരുന്ന ഭർത്താവിനെയും കുടുംബത്തെയുമാണ്. നമ്മുടെ മനസ്സിൽ നമ്മുടേതായ ശരികൾ ഉണ്ടാകും, അത് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ അവരും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരണം. ഇനി റോബിൻ രാധാകൃഷ്ണന്റെ അവസ്ഥ പറഞ്ഞാൽ, ബിഗ്‌ബോസിൽ മല പോലെ വന്ന് എലി പോലെ പോയ ചരിത്രമാണുള്ളത്. റോബിൻ വളരെ പെട്ടന്നാണ് ആരാധകരെ കയ്യിലെടുത്തത്. എല്ലാം തകിടം മറി‍ഞ്ഞത് അവിടെ നടന്ന ഒരടിയിലൂടെയായിരുന്നു.

പിന്നീട് അയാൾ പുറത്തുപോയി ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്നു പറഞ്ഞു. അവർ തമ്മിൽ ഇഷ്ടത്തിലാണെന്നു വിചാരിച്ച പ്രേക്ഷകർ ദിൽഷയെ വിജയിയാക്കി. എന്നാൽ പരസ്പരം ചെളി വാരിയെറിഞ്ഞ് ദിൽഷയും റോബിനും വേർപിരിഞ്ഞു. ബഡായി ബംഗ്ലാവിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആര്യ എന്ന നടിക്ക് ബിഗ് ബോസിൽ നിന്ന് തിരിച്ചു വന്നപ്പോഴേക്കും ജീവന് തുല്യം പ്രണയിച്ച കാമുകനെ നഷ്ടപ്പെട്ടിരുന്നു.

പാഷാണം ഷാജിയും സിനിമയിലും സ്റ്റേജ് ഷോയിലും മിന്നി നിൽക്കുന്ന സമയത്താണ് ബിബി ഹൗസിലെത്തുന്നത്. എന്നാല്‍ ബിഗ് ബോസ് അദ്ദേഹത്തിന് നഷ്ടക്കച്ചവടമായി. ഇവിടെ നിന്നു പുറത്തുവന്നതോടെ പ്രേക്ഷകരും അദ്ദേഹത്തെ കൈവിട്ടു. സീരിയലുകളിലും സിനിമകളിലും തിളങ്ങി നിൽക്കുന്ന സമയത്താണ് നടി മഞ്ജു പത്രോസ് ബിഗ്‌ ബോസിൽ എത്തുന്നത്. മലയാളികൾക്ക് ഏറെ ഇഷ്ടമുളള നടിയായിരുന്നു അവർ. ബിഗ്‌ ബോസിൽ എത്തിയതോടെ അതെല്ലാം മാറി.

ഒരു പരിധി വരെ അത് കുടുംബജീവിതത്തെയും ബാധിച്ചെന്നാണ് പറയപ്പെടുന്നത്. പ്രേക്ഷകർക്ക് അവരോടുള്ള ഇഷ്ടവും സ്നേഹവും ഇല്ലാതാക്കിക്കൊണ്ടാണ് അവർ ബിഗ്‌ ബോസിൽ നിന്ന് പടിയിറങ്ങിയത്. ബിഗ് ബോസിൽ മഞ്ജു നിന്നിരുന്നപ്പോൾ പുറത്തു പ്രചരിച്ച കിംവദന്തികളിൽ ഞാനും അസ്വസ്ഥനായിരുന്നു എന്ന് അവരുടെ ഭർത്താവായ സുനിച്ചൻ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഒരുപക്ഷേ അതൊക്കെ അവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന് വരാം.

ഇതെല്ലം കണ്ടും കെട്ടും മനസ്സിലാക്കിയാണ് അമൃത സുരേഷും അഭിരാമി സുരേഷും വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്‌ ബോസിൽ കടന്നുവന്നത്. കോളിക്കളങ്ങൾ സൃഷ്ടിച്ച ജീവിതകഥകൾ അവർക്ക് ഉണ്ടായിട്ടും അതൊന്നും അവിടെ വിളമ്പാതെ ബുദ്ധിപരമായി നിന്ന് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വലിയ ഡാമേജ് ഇല്ലാതെ അവർക്ക് അവിടെനിന്ന് ഇറങ്ങിവരാൻ സാധിച്ചു. ബിഗ്‌ ബോസിൽ പങ്കെടുക്കാനായി ജാസ്മിൻ ജാഫർ എന്ന പെൺകുട്ടിയെ എത്തിച്ചത് വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന യുവാവായിരുന്നു.

ആ ബന്ധം തകരാൻ കാരണമായത് ബിഗ്‌ ബോസിൽ അവർ കാണിച്ച കോപ്രായങ്ങളും പ്രേമലീലകളുമായിരുന്നു. പണ്ട് അഖിൽ മാരാറിനോട് ബിഗ്‌ ബോസിൽ പോകുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ലുലുമാളിന്റെ മുകളിൽ കയറി തുണി പൊക്കി കാണിക്കുന്നതാണ് ഇതിനേക്കാൾ നല്ലതെന്നാണ് അന്ന് പറഞ്ഞത്. ബിഗ്‌ ബോസിനെ പരിഹസിച്ച ആളുതന്നെ അവിടെ ചെന്ന് തുണി പൊക്കി കാണിച്ചു. എന്നാൽ വാചക കസർത്ത് കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് അയാൾ വിജയിയായി. ബിഗ്‌ ബോസ് കൊണ്ട് ഏ​റ്റവും ഉയർച്ച നേടാൻ സാധിച്ചത് അഖിൽ മാരാർക്കാണ്.

വട്ടപൂജ്യത്തിൽ നിന്ന് കൊട്ടക്കണക്കിന് പണമുണ്ടാക്കാനും ഒപ്പം പ്രശസ്തി നേടാനും സാധിച്ചു. ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരൻ പറയുന്നത് ജനങ്ങൾക്കൊപ്പം നിന്ന് ശരികൾക്കു വേണ്ടി പോരാടുമെന്നാണ്. ചില അഭിപ്രായങ്ങളുടെ കാര്യത്തിൽ കണക്കുകൂട്ടലുകൾ തെറ്റാമെങ്കിലും സൂക്ഷിച്ച് ശ്രദ്ധയോടെ മുന്നേറിയാൽ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാം.

സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമയാതിരുന്നാൽ മാത്രം മതി.ജീവിതത്തിൽ വേദനിപ്പിക്കുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും ഒക്കെ ഉണ്ടാകും അവിടെ അസ്വസ്ഥരാകരുത്. അനുഭവങ്ങൾ നമ്മളെ കൂടുതൽ കരുതരാക്കും കുറ്റപ്പെടുത്തലുകൾ നമ്മളെ പ്രാപ്തരാക്കും എതിർപ്പുകൾ നമ്മളെ ശക്തരാക്കും, അപവാദങ്ങൾ നമ്മളെ ശ്രദ്ധാലുവാക്കും.’’–ആലപ്പി അഷ്‌റഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com