
ഒരുകാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞു നിന്ന നടിമാരിലൊരാളായിരുന്നു സിമ്രാൻ. നിർമാതാവ് ദീപക് ബാഗയുമായുള്ള വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ചെറിയൊരിടവേളയും സിമ്രാൻ എടുത്തിരുന്നു. ഇപ്പോൾ അഭിനയത്തിന് പുറമേ നിർമാതാവായും പിന്നണി ഗായികയായും കൊറിയോഗ്രഫറായുമൊക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സിമ്രാൻ.
അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയാണ് സിമ്രാന്റേതായി ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന ചിത്രം. അതിഥി വേഷത്തിലാണ് സിമ്രാൻ എത്തിയതെങ്കിലും നടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ വര്‍ഷങ്ങളായി തനിക്കേറ്റവും പ്രിയപ്പെട്ട ഒരാളുടെ വേർപാടിൽ നിന്ന് താനിതുവരെ മുക്തയായിട്ടില്ല എന്ന് പറയുകയാണ് നടി.
തന്റെ സഹോദരിയും നടിയുമായിരുന്ന മോണൽ നവാലിന്റെ ഓർമ പങ്കുവച്ചിരിക്കുകയാണ് സിമ്രാൻ. 2000 ത്തിൽ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു മോണൽ. 2001 ൽ പുറത്തിറങ്ങിയ പാർവൈ ഒൻട്ര് പോതുമേ എന്ന ചിത്രത്തിലൂടെയാണ് മോണൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2002 ഏപ്രിൽ 14 ന് ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
"മോണല്‍...നിന്നെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. 23 വര്‍ഷമായി, ഇപ്പോഴും ഞാന്‍ നിന്റെ നിശബ്ദ നിമിഷങ്ങള്‍ക്കായി തിരയുന്നു..."- എന്നാണ് എക്‌സിൽ സിമ്രാന്‍ കുറിച്ചിരിക്കുന്നത്. സിമ്രാന്‍ സിനിമയില്‍ സജീവമായതിന് പിന്നാലെയാണ് മോണല്‍ നേവലും സിനിമയിലേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ സിമ്രാനൊപ്പം ശ്രദ്ധിക്കപ്പെടുന്ന നടിയിലേക്ക് മോണൽ വളർന്നു.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് 21-ാം വയസിലാണ് മോണൽ വിടവാങ്ങിയത്. ആദ്യ സിനിമയും അതിലെ പാട്ടുകളും വലിയ വിജയമായതോടെ മോണലിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞു. പ്രണയനൈരാശ്യമാണ് സഹോദരിയുടെ മരണത്തിന് കാരണമെന്ന് സിമ്രാൻ പിന്നീട് പറഞ്ഞിരുന്നു. കൊറിയോഗ്രാഫര്‍ പ്രസന്ന സുജിത്തും തന്റെ സഹോദരിയും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ പ്രസന്ന അവളുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതാണ് മരണത്തിന് കാരണമെന്നുമാണ് സിമ്രാന്‍ ആരോപിച്ചത്.
മുംബൈയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടില്‍ വിവാഹം കഴിക്കണമെന്ന അഭ്യര്‍ഥനയുമായി അനിയത്തി പോയിരുന്നു. എന്നാല്‍ അവര്‍ അതിന് സമ്മതിച്ചില്ല. തിരികെ ചെന്നൈയിലെത്തി കരിയറില്‍ ഫോക്കസ് ചെയ്യാമെന്ന് വിചാരിച്ചെങ്കിലും അവള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിച്ചില്ലെന്നാണ് അന്ന് സിമ്രാന്‍ കൊടുത്ത പരാതിയില്‍ പറഞ്ഞത്.
മരിക്കുന്നതിന് മുന്‍പ് 'എന്റെ ജീവിതത്തില്‍ ശരിയായ പുരുഷന്മാരെ കണ്ടിട്ടില്ലെന്ന്' കൂടി നടി എഴുതിയും വെച്ചിരുന്നു. അനിയത്തിയുടെ മരണ ദിവസം സോഷ്യൽ മീഡിയയിലൂടെ സിമ്രാൻ ഓർമകൾ പങ്കുവയ്ക്കാറുണ്ട്. നടൻ സുമിത് നവാൽ സിമ്രാന്റെ സഹോദരനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക