'ലഹരി ഉപയോ​ഗിച്ച ആ നടൻ മോശമായി പെരുമാറി, അവരെ പോലുള്ളവര്‍ക്ക് സിനിമകളുണ്ട്'; വെളിപ്പെടുത്തി വിൻസി

വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്.
Vincy Aloshious
വിൻസി അലോഷ്യസ്ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Updated on

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ എത്തിയ നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിൻസിയെത്തിയത്.

ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻസി പറയുന്നു.‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് തന്റെ ദുരനുഭവം വിന്‍സി തുറന്നുപറഞ്ഞത്.

വിന്‍സിയുടെ വാക്കുകള്‍:

"കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലഹരി വിരുദ്ധ ക്യാംപെയിന്‍ മുന്‍നിര്‍ത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ അവയ്‌ക്കെല്ലാം വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാൻ ആ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകള്‍ വ്യക്തമാക്കണമെന്നുമുള്ള തോന്നലില്‍ മേലാണ് ഈ വിഡിയോ ചെയ്യുന്നത്.

ലഹരി ഉപയോഗിക്കുന്നവര്‍ വ്യക്തി ജീവിതത്തില്‍ എന്തും ചെയ്‌തോട്ടെ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്‌നം. അങ്ങനെയുള്ളവര്‍ക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്‌സുകളില്‍ കാണാനായത്. അവരെ പോലുള്ളവര്‍ക്ക് സിനിമകളുണ്ട്. അവരെ വച്ച് സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവര്‍ക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.

പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവര്‍ത്തകയോടും പെരുമാറി. മോശമെന്ന് പറയുമ്പോള്‍, എന്റെ ഡ്രസില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടെയും മുന്നില്‍ വച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടായിരുന്നു.

വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റില്‍ ഇതുപയോഗിക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റുവശങ്ങളാണ്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാന്‍ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജോലി ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാന്‍ എടുക്കുന്ന തീരുമാനമാണ്. ഞാന്‍ അണ്‍കംഫര്‍ട്ടബിള്‍ ആയത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകന്‍ അയാളോട് സംസാരിക്കുകയും ചെയ്തു.

പ്രധാന താരമായി തിരഞ്ഞെടുത്ത ആളാണ്. അവര്‍ക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീര്‍ക്കണമല്ലോ. ആ ഒരു നിസഹായാവസ്ഥയും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫര്‍ട്ടാക്കിയാണ് ആ സിനിമ തീര്‍ത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയില്‍ നിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളില്‍ നിന്നുണ്ടാവുന്നത്. എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്ക് എവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയില്‍ നിന്ന് പുറത്തായി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവര്‍ക്കുള്ള മറുപടിയാണിത്.

സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കില്‍ സിനിമയില്ല എന്ന് പറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാന്‍. സിനിമയില്ലെങ്കില്‍ ഞാനില്ല എന്ന് കരുതുന്ന മൈന്‍ഡ്‌ സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെ നിന്നാണ് വന്നതെന്നും എത്തി നില്‍ക്കുന്നതെന്നും ഇനി മുന്നോട്ട് എങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങള്‍ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പര്‍ സ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കില്‍ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റ് ഇടുന്നവര്‍ക്ക് ഉണ്ടാവണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com