'പാക് നടന്റെ സിനിമ ഇന്ത്യയില്‍ വേണ്ട'; ഫവാദ് ഖാന്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യില്ല

വാണി കപൂര്‍ നായികയായ ചിത്രം മെയ് ഒന്‍പതിനാണ് റീലീസ് പ്രഖ്യാപിച്ചിരുന്നത്.
Fawad Khan-Vaani Kapoor
ചിത്രത്തില്‍ വാണി കപൂറും ഫവാദ് ഖാനും എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് നടന്‍ ഫവാദ് ഖാന്‍ നായകനാകുന്ന 'അബീര്‍ ഗുലാല്‍' എന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട്. വാണി കപൂര്‍ നായികയായ ചിത്രം മെയ് ഒന്‍പതിനാണ് റീലീസ് പ്രഖ്യാപിച്ചിരുന്നത്. 'പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച 'അബിര്‍ ഗുലാല്‍' എന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല,' സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പാക് നടന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 2019ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന വന്‍ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ ഉണ്ടായത്.

അതേസമയം, പാകിസ്ഥാന്‍ കലാകാരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ചലച്ചിത്രമേഖലയിലെ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ചലച്ചിത്ര-വിനോദ വ്യവസായത്തിലെ എല്ലാ പാകിസ്ഥാന്‍ കലാകാരന്മാരുമായും ഗായകരുമായും സാങ്കേതിക വിദഗ്ധരുമായുള്ള സഹകരണം വേണ്ടെന്നും സംഘടന അറിയിച്ചു. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും സമാനമായ നടപടി സ്വീകരിച്ചിരുന്നു.

പാകിസ്ഥാന്‍ കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ഫവാദ് ഖാന്‍ അഭിനയിച്ച ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

പഹല്‍ഗാം സംഭവത്തിന് ശേഷം, ഫവാദ് ഖാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. 'പഹല്‍ഗാമിലെ ദാരുണമായ ഭീകരാക്രമണം ദുഃഖിപ്പിച്ചു. ആക്രമണത്തില്‍ അതിയായ വിഷമമുണ്ട്. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പമാണെന്നും ഈ വിഷമഘട്ടത്തില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ശക്തിയും രോഗശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു,'- അദ്ദേഹം എഴുതി. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന 'അബിര്‍ ഗുലാല്‍' എന്ന സിനിമയുടെ റിലീസിനെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com