

എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ, തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി പല ഭാവങ്ങളിലുള്ള പാട്ടുകൾ. ഏത് ടൈപ്പ് പാട്ട് പാടിയാലും അത് കേൾക്കുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ട ആരോ അടുത്തിരുന്ന് മൂളുന്നതു പോലെ തോന്നും. പറഞ്ഞു വരുന്നത് മറ്റാരെ കുറിച്ചുമല്ല, നമ്മുടെ സ്വന്തം ജാനകിയമ്മയെ കുറിച്ചാണ്.
പതിനെട്ട് ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾക്ക് എസ് ജാനകി തന്റെ ശബ്ദത്തിലൂടെ ജീവൻ നൽകി. മാതൃത്വത്തിന്റെ മധുരവും കാമുകിയുടെ വശ്യതയുമെല്ലാം ഉൾക്കൊണ്ട് ജാനകി പാടിയപ്പോൾ തലമുറകൾ ഒന്നാകെ അതേറ്റു പാടി. ഇക്കഴിഞ്ഞ 23 നായിരുന്നു എസ് ജാനകിയുടെ 87-ാം ജന്മദിനം.
ഇന്നും ജാനകിയമ്മയുടെ പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. മനസ് വിങ്ങുമ്പോൾ ഒരു തലോടലായി, ഉള്ളിൽ പ്രണയം മൊട്ടിടുമ്പോൾ ഒരു പൂന്തെന്നലായി, വിരഹ വേദനകളിൽ ആശ്വാസ മന്ത്രണമായി... അങ്ങനെ ഏത് മാനസികാവസ്ഥയിലും ജാനകിയമ്മയുടെ പാട്ടുകൾ നമുക്ക് കൂട്ടായെത്തി.
മലയാളികളുടെ ഇഷ്ട പാട്ടുകളുടെ കണക്കു പുസ്തകത്തിലുമുണ്ട് ജാനകിയുടെ നൂറായിരം പാട്ടുകൾ. 'തേനും വയമ്പും', 'ഉണരൂ വേഗം നീ', 'സ്വർണമുകിലേ', 'ആടി വാ കാറ്റേ', 'മലർക്കൊടി പോലെ', 'തുമ്പീ വാ', 'സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ', 'നാഥാ നീ വരും', 'മിഴിയോരം', 'കിളിയേ കിളിയേ', 'മൈനാകം', 'മോഹം കൊണ്ടു ഞാൻ', 'ആലിപ്പഴം', 'ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന'.... തുടങ്ങിയവയൊക്കെ അവയില്‍ ചിലത് മാത്രം.
സംഗീത വേദികളോട് വിട ചൊല്ലി വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ സംഗീത മുത്തശ്ശി. 2017ൽ മൈസൂരിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി ജാനകിയമ്മ അറിയിച്ചത്. ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചില്ല.
'വൈകി വന്ന പത്മ അവാർഡു കൊണ്ട് പ്രസിദ്ധ ആകേണ്ട കാര്യം ഇനി ഇല്ല, പാടി തുടങ്ങിയ വർഷം മുതൽ എത്രയോ അവാർഡുകൾ കിട്ടി, അന്ന് തൊട്ടേ ഉള്ള ഫാൻസും, ഇപ്പോഴുള്ള ചെറുപ്പക്കാർ ആയ ഫാൻസും ഇതെല്ലാം പത്മ അവാർഡിനേക്കാൾ വലുതാണ്'- എന്ന് അഭിമുഖങ്ങളിൽ ജാനകി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
1938ൽ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ ഏപ്രിൽ 23ന് സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി ആണ് എസ് ജാനകി ജനിച്ചത്. കുഞ്ഞുനാളിൽ സംഗീതവാസന കാണിച്ചിരുന്നുവെങ്കിലും ശരിയായ സംഗീത വിദ്യാഭ്യാസം അവർക്ക് ലഭിച്ചിരുന്നില്ല. 1956ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാനമത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു. അന്നത്തെ രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം വാങ്ങിയതോടെ എസ് ജാനകിയുടെ ഭാഗ്യതാരകം ഉദിച്ച് തുടങ്ങി.
1957ലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ വർഷം തന്നെ അഞ്ച് ഭാഷയിലെ ചിത്രങ്ങളിൽ ജാനകി പാടി. തമിഴിലായിരുന്നു തുടക്കം. എസ് ജാനകിയ്ക്ക് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ ലഭിച്ചത് മലയാളത്തിൽ നിന്നുമാണ്. പാടി തുടങ്ങിയ വർഷം മുതൽ ജാനകിയമ്മ മലയാളത്തിലുണ്ട്. ജാനകിയമ്മ പാട്ടിൽ നിന്നും വിരമിച്ചതും മലയാളത്തിൽ നിന്നാണ്. മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ആദ്യമായി മലയാളത്തിലെത്തിയതും ജാനകിയമ്മയിലൂടെയായിരുന്നു.
'അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ' എന്ന് ജാനകിയമ്മ പാടിയത് പോലെ അവര്‍ പാടിയ ഒരായിരം ഗാനങ്ങള്‍ക്കായി നമ്മള്‍ ഇന്നും ചെവിയോര്‍ത്തിരിക്കുന്നു. എസ് ജാനകി ഒരു അത്ഭുതം ആണ്, ശബ്ദ മാധുര്യത്തിലൂടെ ഒരു മായാലോകം തന്നെ തീർത്ത അതുല്യ കലാകാരി. അതിനെ മറികടക്കാൻ ആർക്കുമാവില്ല. മനുഷ്യമനസ്സിൽ അതൊരു മാന്ത്രിക ചെപ്പ് തുറന്നു വെച്ചിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
