

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുകയാണ്. നവാഗതനായ വിനോദ് എകെ സംവിധാനം ചെയ്യുന്ന മൂൺവാക്ക് എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ലിജോയും ലിസ്റ്റിനും ഒരുമിച്ചുള്ള ഒരു വിഡിയോയിലൂടെയാണ് ഈ ഒത്തുചേരൽ പ്രഖ്യാപിച്ചത്. ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളാണ് മൂൺ വാക്ക് എന്ന സിനിമയിൽ അണിനിരക്കുന്നത്. ഊർജ്ജസ്വലരായ പുതുമുഖങ്ങളെ സിനിമയുടെ മുന്നിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ കൂടിച്ചേരലിൽ ഉണ്ട്.
പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെയുടെ ആദ്യ സിനിമ കൂടിയാണ് മൂൺ വാക്ക്.
"സിനിമ മേഖലയെ സംബന്ധിച്ച് പുതിയ ജനറേഷനിലുള്ള ആളുകൾ, പുതിയ എനർജി, പുതിയ ചിന്തകൾ ഒക്കെ കടന്നു വരുമ്പോഴാണ് ഒരു ഇൻഡസ്ട്രിയുടെ ഏറ്റവും നല്ല വളർച്ച സംഭവിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്തരം സിനിമകളുടെ ഭാഗമാകാൻ എക്കാലത്തും എനിക്ക് വ്യക്തിപരമായി താത്പര്യമാണ്.
അങ്കമാലി ഡയറീസ് പോലെയൊരു സിനിമ, ഒരുപാട് പേരുടെ ഫ്രഷ് എനർജി ആ സിനിമയുടെ ഭാഗമായപ്പോഴാണ് ആ സിനിമ അത്രയും രസകരമായത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ ഒരു പുതിയ ബാച്ച് എന്നൊക്കെ പറയാൻ പറ്റുന്ന തരത്തിലുള്ള അത്രയും ശക്തവും രസകരമായ പ്രമേയവും അത്തരം ആളുകൾ, ഒരുപാട് പേരുടെ യൂണിയൻ ഈ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ അതിന്റെ ഭാഗമാകണമെന്ന് വ്യക്തിപരമായി എനിക്ക് ആഗ്രഹമുണ്ട്".- ലിജോ ജോസ് പെല്ലിശേരി പറഞ്ഞു.
ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. ഡാൻസിനെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നവാഗതരായ ഇവർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates