
പൊന്മാന്റെ വിജയത്തിൽ നടൻ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ. 'പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങൾ, ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ. കട്ട Waiting for your next! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ! കോടികൾ വാരട്ടെ', എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊൻമാനിൽ നിന്നുള്ള ബേസിലിന്റെ ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ഉടനെ പോസ്റ്റിന് താഴെ കമൻ്റുമായി ബേസിൽ ജോസഫ് എത്തി.
'തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ, എന്നിട്ട് സംസാരിക്കാം' എന്നാണ് ബേസിലിന്റെ കമന്റ്. 'സൗഹൃദത്തിന് വില പറയുന്നോടാ ഛെ ഛെ ഛെ..' എന്ന് ടൊവിനോയും ബേസിലിന് റിപ്ലൈയുമായി എത്തിയിട്ടുണ്ട്. ബേസിൽ നായകനായി എത്തുന്ന അടുത്ത ചിത്രം മരണമാസ് നിർമിക്കുന്നത് ടൊവിനോയാണ്. മരണമാസിൽ പ്രധാന വേഷത്തിലെത്തുന്ന സിജു സണ്ണിയും തമാശ നിറഞ്ഞ കമൻ്റുമായി എത്തി.
'അടുത്ത പടം കോടിക്കണക്കിന് കോടികൾ വാരണേ, ഞങ്ങളുടെ പ്രൊഡ്യൂസർ ഒരു ലക്ഷപ്രഭു ആകണേ', എന്ന സിജുവിന്റെ കമന്റ്. 'പ്രൊഡ്യൂസറിനെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏത് വിധേനയും തടയുന്നതായിരിക്കും', എന്ന് സിജുവിന് ടൊവിനോ തോമസ് മറുപടി നൽകിയിട്ടുണ്ട്.
നവാഗതനായ ശിവപ്രസാദ് ആണ് മരണമാസ് സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രിലിൽ തിയേറ്ററിലെത്തും. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക