ഉണ്ണി മുകുന്ദന്റെ ബ്ലോക്ബസ്റ്റർ ചിത്രമായ മാർക്കോ മുതൽ രവി മോഹന്റെ കാതലിക്ക നേരമില്ലൈ ഉൾപ്പടെ നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. പ്രണയ ദിനത്തിൽ ഒരുപാട് ചിത്രങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഈ ആഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങളും സീരിസുകളും ഏതൊക്കെയാണെന്ന് നോക്കിയാലോ.
നാഗപഞ്ചമി ദിനത്തിൽ മിത്ര കുടുംബത്തിൽ നടക്കുന്ന മരണങ്ങളും അതിന് പിന്നിലെ ദുരൂഹതകളുടെ ചുരുളഴിയുന്നതുമാണ് സീരിസിന്റെ പ്രമേയം. ബംഗാളി വെബ് സീരിസായ ബിഷോഹോരി ഫെബ്രുവരി 14ന് ഹൊയ്ചൊയിയിൽ സ്ട്രീം ചെയ്യും. ശ്രിജിത് റോയ് ആണ് സീരിസ് സംവിധാനം ചെയ്യുന്നത്. സൊലങ്കി റോയ്, റോഹൻ ഭട്ടാചർജി, കൗശിക് റോയ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
യാമി ഗൗതമും പ്രതീക് ഗാന്ധിയും പ്രധാന വേഷങ്ങളിൽ എത്തുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ധൂം ധാം. ഋഷഭ് സേത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 14 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു.
രവി മോഹനും നിത്യ മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കാതലിക്ക നേരമില്ലൈ. ചിത്രം തിയറ്ററുകളിൽ റിലീസിനെത്തിയിരുന്നെങ്കിലും പരാജയമായി മാറിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് മുതൽ പ്രേക്ഷകർക്ക് ചിത്രം കാണാം.
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മാർക്കോ. ഡിസംബർ 20 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസ് ഹിറ്റായി മാറുകയും ചെയ്തു. സോണി ലിവിലൂടെ ഈ മാസം 14ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തിയറ്ററിൽ നേടിയ വിജയം ഒടിടിയിലും മാർക്കോ തുടരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
റൊമാന്റിക് കോമഡി വെബ് സീരിസായ പ്യാർ ടെസ്റ്റിങും ഈ ആഴ്ച പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. സീ 5ലൂടെയാണ് സീരിസ് നിങ്ങളിലേക്കെത്തുന്നത്. സത്യജീത് ദുബെ, പ്ലബിത എന്നിവരാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ഫെബ്രുവരി 14 ന് സ്ട്രീം ചെയ്ത് തുടങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക