'നാഥനില്ലാക്കളരിയല്ല, മാപ്പ് പറയണം'; നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ച് 'അമ്മ'

അമ്മ സംഘടനക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
suresh kumar
നിർമാതാക്കളുടെ സംഘനയ്ക്ക് കത്തയച്ച് 'അമ്മ'
Updated on

കൊച്ചി: അഭിനേതാക്കളുടെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിനിമ സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുന്നു. നാഥനില്ലാക്കളരിയെന്ന പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് അമ്മ സംഘടന കത്തയച്ചു. അമ്മ സംഘടനക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അഭിനേതാക്കളുടെ വര്‍ധിച്ച പ്രതിഫലം മൂലം സിനിമ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന അമ്മ ഒഴികെയുള്ള മറ്റു സിനിമ സംഘടനകളുടെ യോ​ഗം വിളിച്ചിരുന്നു. ഇതിലാണ് വിവാദ പരാമർശം ഉണ്ടായത്. താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പല തവണ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചെങ്കിലും സംഘടന പ്രതികരിച്ചില്ലെന്നും അതിപ്പോൾ നാഥനില്ലാക്കളരിയായെന്നുമായിരുന്നു യോ​ഗത്തിൽ പറഞ്ഞത്.

സിനിമ നിർമാണ ചിലവ് വർധന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലും അമ്മ പരാജയപ്പെട്ടുവെന്ന് യോ​ഗത്തിൽ പറഞ്ഞു. ഇത് ചർച്ചയായതോടെയാണ് അമ്മ സംഘടന പ്രതിഷേധ കത്ത് അയക്കാൻ തീരുമാനിച്ചത്. അമ്മ സംഘടന ഇപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണെന്നും സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിക്കുന്നുവെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കണമെന്നും അഡ്ഹോക് കമ്മിറ്റിയുടെ പേരിലുള്ള കത്തിൽ ആവശ്യപ്പെട്ടു. മറുപടി നൽകിയില്ലെങ്കിൽ തുടർനടപടിയിലേക്ക് കടക്കുമെന്നും കത്തിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകൾ സമരത്തിലേക്ക് കടക്കുന്നത്. താരങ്ങളുടെ പ്രതിഫലം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com