
കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ തര്‍ക്കത്തില്‍ സുരേഷ് കുമാറിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.ജി സുരേഷ് കുമാറിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോദ്യം ചെയ്ത ആന്റണി പെരുമ്പാവൂരിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യോഗത്തിന് ക്ഷണിച്ചിട്ടും വരാതെ ആന്റണി പെരുമ്പാവൂര്‍ പരസ്യമായി അനുചിത നിലപാട് എടുത്തെന്നും തീയറ്റര്‍ അടച്ചിടല്‍ സമരം ഉള്‍പ്പടെ തീരുമാനിച്ചത് സംയുക്ത യോഗത്തിലാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.
ജൂണ്‍ ഒന്നുമുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഫെബ്രുവരി ആറാം തീയതി ഫിയോക്, ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് ആസോസിയേഷന്‍, ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടനകളും ചേര്‍ന്നാണ് ജൂണ്‍ ഒന്നുമുതല്‍ തീയറ്റര്‍ അടച്ചിട്ടുള്ള അനിശ്ചിതകാല സമരം തീരുമാനിച്ചത്. യോഗത്തിന് ശേഷം പ്രസിഡന്റായ ആന്റോ ജോസഫിന്റെ അഭാവത്തിലാണ് ജി സുരേഷ് മാധ്യമങ്ങളെ കണ്ടതും യോഗതീരുമാനം അറിയിച്ചതും. യോഗത്തിന് ക്ഷണിച്ചിട്ടും പോലും വരാതിരുന്ന ആന്റണി പെരുമ്പാവൂര്‍ സാമൂഹിക മാധ്യമം വഴി ജി സുരേഷ് കുമാറിനെതിരെ ആക്രമണം നടത്തിയ് തീര്‍ത്തും തെറ്റായി പോയി. ആന്റണി പെരുമ്പാവൂരിന്റെ നിലപാട് അംഗീകരിക്കാനാകില്ല. ഒരു സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തുനിന്നുള്ള ഏത് ആക്രമണങ്ങളെയും ചെറുക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകള്‍ നിര്‍മാതാക്കളുടെ വെറും നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാര്‍ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ജൂണ്‍ ഒന്നുമുതല്‍ നടത്താനിരിക്കുന്ന സമരം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകില്ല. നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക