
ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഖ്യാതി ഇന്ത്യക്ക് പുറത്തുവരെ എത്തിച്ച അപൂർവം സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. സസ്പെൻസ് നിലനിർത്തി കഥ പറയാൻ ജീത്തുവിന് എന്നും ഒരു പ്രത്യേക കഴിവാണ്. ഇതിനോടകം തന്നെ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ദൃശ്യമാണ് ജീത്തുവിന്റെ കരിയർ ബ്രേക്ക് ആയി മാറിയത്.
ത്രില്ലർ ചിത്രങ്ങൾ മാത്രമല്ല കോമഡിയും തനിക്ക് വഴങ്ങുമെന്ന് ജീത്തു തെളിയിച്ച ചിത്രമായിരുന്നു മൈ ബോസ്. ദിലീപും മംമ്ത മോഹൻദാസും പ്രധാന വേഷത്തിലെത്തിയ മൈ ബോസിനും ആരാധകരേറെയാണ്. സസ്പെൻസുകളും ട്വിസ്റ്റുകളുമൊക്കെയായി നമ്മൾ മുൾമുനയിൽ നിന്നു കണ്ട ജീത്തു ജോസഫ് ചിത്രങ്ങളിതാ.
മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലെത്തി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് ദൃശ്യം. മലയാളികളെ ത്രില്ലർ സിനിമയുടെ പുതിയ അനുഭവതലത്തിലേക്ക് കൊണ്ടുപോയ ചിത്രം കൂടിയായിരുന്നു ഇത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി ദൃശ്യം മാറി. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ലാണ് ദൃശ്യം 2 വരുന്നത്. ഭാഷാഭേദമന്യേ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും സിനിമാ പ്രേക്ഷകരേറ്റെടുത്തു. ഇന്നലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും മോഹൻലാൽ സ്ഥിരീകരിച്ചിരുന്നു.
'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്നാണ് കൂമനെക്കുറിച്ച് ജീത്തു ജോസഫ് തന്നെ പറഞ്ഞത്. ഈ പറഞ്ഞത് അക്ഷരാർഥത്തിൽ തെളിയിക്കുന്ന ചിത്രം കൂടിയാണ് കൂമൻ. ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഗിരി എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ ആസിഫെത്തിയത്.
മൈ ബോസിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിനിമാറ്റിക് മാസ്റ്റർപീസ് ആണ് മെമ്മറീസ് എന്നാണ് സിനിമാ പ്രേക്ഷകർ ചിത്രത്തെക്കുറിച്ച് പൊതുവേ പറയാറുള്ളത്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.
ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. അനശ്വര രാജൻ, സിദ്ദിഖ്, പ്രിയ മണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. കാഴ്ച പരിമിതിയുള്ള സാറയും അവൾക്ക് നീതി ഉറപ്പാക്കാനായി രാപ്പകൽ പരിശ്രമിക്കുന്ന വിജയമോഹനും എതിർഭാഗം വക്കീലായ രാജശേഖരനുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. സിനിമാ പ്രേക്ഷകർക്ക് മികച്ചൊരു കാഴ്ചാനുഭവം സമ്മാനിച്ച ചിത്രം കൂടിയായിരുന്നു നേര്.
ട്വല്‍ത്ത് മാനിലൂടെ മോഹൻലാലിന്റെ രസകരമായ ഒരു ഇൻട്രോയാണ് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. ആരാണ്, എന്താണ് എന്ന ഒരു സൂചനയും നല്‍കാതെയാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ എൻട്രി. കെആര്‍ കൃഷ്ണകുമാറിന്‍റെ രചനയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ട്വൽത്ത് മാൻ. വലിയ യുവതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സസ്പെൻസും നിഗൂഢതയും നിലനിർത്തി കൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates