
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് തമന്ന. കഴിഞ്ഞ വർഷം തമന്നയെ സംബന്ധിച്ച് കരിയറിൽ ഒരുപാട് വിജയങ്ങളുണ്ടായ വർഷം കൂടിയായിരുന്നു. ഒഡെല 2 ആണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ വച്ചായിരുന്നു ടീസർ ലോഞ്ച് നടന്നത്.
ഇതുവരെ ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തിൽ തമന്നയെ കാണാനാവുക. ശിവഭക്തയായ സന്യാസിനിയുടെ വേഷത്തിലാണ് ചിത്രത്തിൽ തമന്നയെത്തുന്നത്. “വളരെ ചെറിയ ഒരു ആശയത്തിൽ നിന്നാണ് ഞങ്ങൾ ഈ സിനിമ തുടങ്ങിയത്. പക്ഷേ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. ഈ സിനിമ നിർമിച്ചതിന് ടീമിന് ഒരുപാട് അനുഗ്രഹവും പണവും ലഭിക്കുമെന്ന് എനിക്കറിയാം.
ഒഡെല 2 ടീസർ ഇവിടെ ലോഞ്ച് ചെയ്യാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നുന്നു. കാരണം, മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഇതുപോലെ ആകുമായിരുന്നില്ല".- തമന്ന പറഞ്ഞു. സന്യാസിമാരുടെ ശരീരഭാഷ എങ്ങനെയാണെന്നൊക്കെ പഠിച്ചിട്ടാണ് തമന്ന ഈ വേഷം ചെയ്തതെന്നും ചിത്രത്തിന്റെ സംവിധായകൻ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.
തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസർ നൽകുന്ന സൂചന. ആക്ഷനും ഫാന്റസിയുമൊക്കെ ചേർന്നൊരു ചിത്രമായിരിക്കും ഒഡെലയെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പോസ്റ്ററും തമന്ന പങ്കുവച്ചിരുന്നു. അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിർമിക്കുന്നത് സമ്പത് നന്ദി ടീം വർക്ക്സാണ്.
വസിഷ്ഠ എൻ സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഡി, ഭൂപാൽ, പൂജ റെഡ്ഡി എന്നിവരും ഒഡെല 2ൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം കാശിയിൽ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
ഒഡെല റെയിൽവേ സ്റ്റേഷൻ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഒഡെല 2. അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സിക്കന്ദർ ക മുഖ്തർ ആണ് തമന്നയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക