'ഇനിയിപ്പോൾ എന്നെ കൊന്നാലും എന്റെ തുണിയില്ലാത്ത ചിത്രം ഇട്ടാലും കുഴപ്പമില്ല; എല്ലാം നേരിടാൻ തയാറാണ്'

വിവാഹത്തിന് ശേഷവും ബാല പല സ്ത്രീകളെയും ഫ്ലാറ്റിലേക്ക് കൊണ്ടുവരാറുണ്ടായിരുന്നുവെന്നും എലിസബത്ത് കുറിച്ചു.
Elizabeth Udayan
എലിസബത്ത് ഉദയൻഫെയ്സ്ബുക്ക്
Updated on

നടൻ ബാലയ്ക്കെതിരെ വീണ്ടും ​കടുത്ത ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. താനുമായുള്ള വിവാഹത്തിന് ശേഷവും ബാല പല സ്ത്രീകളെയും ഫ്ലാറ്റിലേക്ക് കൊണ്ടുവരാറുണ്ടെന്നും എലിസബത്ത് പറയുന്നു. ബാലയെ ഒരുപാട് സ്നേഹിച്ചു പോയതു കൊണ്ടാണ് ഈ മർദനങ്ങൾക്കെതിരെ പൊലീസിൽ പരാതി എഴുതി നൽകാതിരുന്നതെന്നും എലിസബത്ത് വിഡ‍ിയോയിൽ പറയുന്നു.

"കല്യാണം കഴിഞ്ഞതിനു ശേഷം അയാൾ വേറെ പെണ്ണുങ്ങളെ ഒക്കെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്നുണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞിരുന്നു. എന്നെ പലരും വിളിച്ചു പറയുമല്ലോ. അത് അറിഞ്ഞിട്ടാണ് ഞാൻ ഇറങ്ങി പോന്നത്. ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും എനിക്ക് അടി കിട്ടിയിട്ട് നമ്മൾ സ്റ്റേഷനിലൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്ന് പൊലീസ് വന്നപ്പോഴേക്കും ഇയാൾ ഇവിടുന്ന് ഓടി വേറെ സ്ഥലത്തേക്ക് പോയി.

അപ്പോൾ അവർ പറഞ്ഞു പരാതി എഴുതി തരണമെന്ന്! അപ്പോഴും എനിക്ക് ആളെ ഇഷ്ടമാണല്ലോ. അതുകൊണ്ട് ഞാൻ പരാതി എഴുതി കൊടുത്തില്ല. പക്ഷേ, പിന്നെ ആള് തിരിച്ചു വീട്ടിലേക്ക് വരുന്നില്ല. ഞാൻ ഇറങ്ങി പോയാലേ പുള്ളി വരുള്ളൂ എന്നാണ് ഡിമാൻഡ്. അപ്പോൾ പിന്നെ ഞാൻ ഇറങ്ങി പോകാണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. വീട്ടിൽ ഒരു നായ്ക്കുട്ടിയുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നായ്ക്കുട്ടിയെ.

പക്ഷേ, ഞാൻ നായ്ക്കുട്ടിയെ എടുത്തുകൊണ്ടു പോയാൽ ഞാൻ അതിനെ കട്ടു കൊണ്ട് പോയി എന്ന് പറയും. ഞാൻ അങ്ങനെ കരുതാൻ കാരണമുണ്ട്. പണ്ട് എനിക്ക് ന്യുമോണിയ വന്നിട്ട് ഞാൻ കുറച്ചു ദിവസം ഇവിടെ നിന്നും മാറി നിന്നിരുന്നു. ആ സമയത്ത് ഇയാൾ പ്രചരിപ്പിച്ചത് ഞാൻ ഇവിടെ നിന്ന് 25 ലക്ഷം രൂപ കട്ടു കൊണ്ടുപോയി എന്നാണ്. അങ്ങനെ രൂപ കട്ടു കൊണ്ടുപോയ ആളാണെങ്കിൽ പിന്നെ വീണ്ടും എന്തിനാണ് വിളിച്ചു കയറ്റിയത്?

അത് ചിന്തിച്ചു കൂടെ? ഒരു ദിവസം പുലർച്ചെ മൂന്നു മണിക്ക് എന്നെ വിളിച്ചിട്ട്, ‘ചോര ഛർദ്ദിക്കുന്നു.. ആശുപത്രിയിലാണ്... അവിടെ ആരുമില്ല ഒപ്പ് ഇടാൻ,’ എന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ തിരികെ വന്നത്. പറഞ്ഞു കൊണ്ടിരുന്നത് ഞാൻ ഇറങ്ങി പോയപ്പോൾ നായ്ക്കുട്ടിയെ നോക്കുന്ന കാര്യമാണ്. അതിനു ഭക്ഷണം കൊടുത്തിട്ട് ഞാൻ വക്കീലിനെ വിളിച്ച് ചോദിച്ചു, ‘ഇങ്ങനെ ഇറങ്ങിപ്പോയാൽ കുഴപ്പമുണ്ടോ’ എന്ന്.

അപ്പോൾ വക്കീൽ പറഞ്ഞത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി അറിയിച്ച്, താക്കോൽ അവിടെ ഏൽപ്പിച്ചിട്ട് വേണം പോകാൻ എന്ന്. സ്റ്റേഷനിൽ പോയി എഴുതിക്കൊടുത്ത് കാര്യങ്ങൾ റെക്കോർഡ് ആക്കിയിട്ട് വേണം പോകാൻ എന്ന് അദ്ദേഹം പറഞ്ഞു. കാരണം ഫ്ലാറ്റിന്റെ സെക്യൂരിറ്റി താക്കോൽ വാങ്ങിയില്ല. പൊലീസ് കേസ് ഒക്കെ ആയതുകൊണ്ട് പുള്ളിക്ക് പേടി ആയിരുന്നു.

ഞാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർ പറഞ്ഞത്, ‘നിങ്ങളുടെ കുടുംബപ്രശ്നം നിങ്ങൾ തീർക്ക്! അല്ലാണ്ട് ഇവിടെ പരാതി കൊടുത്തിട്ട് കാര്യമില്ല’ എന്നാണ്. എന്നോട് വക്കീൽ പറഞ്ഞത് ഒരു കത്തെഴുതി അതിനൊപ്പം താക്കോൽ കൊടുത്ത് ഒരു രസീത് വാങ്ങാനാണ്. കാരണം അവസാനം അവിടുന്ന് എന്തെങ്കിലും മോഷ്ടിച്ച് കൊണ്ട് പോയി, എന്തെങ്കിലും അടിച്ചു നശിപ്പിച്ചുപോയി എന്നൊക്കെ പിന്നീട് പറയും, കാരണം നാക്കിനു എല്ലില്ലാത്ത ആൾക്ക് എന്തുവേണമെങ്കിലും പറയാമല്ലോ.

അതിനുമുമ്പ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞിട്ട് എനിക്കൊരു ഫോൺ കോൾ വന്നിട്ടുണ്ടായിരുന്നു. വിളിച്ച ആളുടെ പേരും നമ്പറും ഒക്കെ എന്റെ കൈയിലുണ്ട്. വിളിച്ചത് സ്റ്റേഷനിൽ നിന്നു തന്നെയാണോ അതോ ഇയാളുടെ ഗുണ്ടകൾ പേടിപ്പിക്കാൻ വിളിച്ചതാണോ എന്ന് എനിക്കറിയില്ല. വിളിച്ച വ്യക്തി പറഞ്ഞത് ഞാൻ അയാളെ ഉപദ്രവിച്ചു എന്നൊരു പരാതി കിട്ടിയിട്ടുണ്ട് എന്ന്. അയാളുടെ കൈയിലൊക്കെ പോറൽ ഉണ്ട് എന്നൊക്കെ പറഞ്ഞു. ആ പോറൽ ഉള്ള വിഡിയോ പിന്നെ ഞാൻ കണ്ടു.

അയാൾ പലർക്കും അത് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ എന്റെ കഴുത്തൊക്കെ പിടിച്ച് ഞെരിച്ചിട്ട് ഞങ്ങൾ തമ്മിൽ ഒരു മൽപ്പിടുത്തമൊക്കെ നടന്നിരുന്നു. എന്നെ ഒരുപാട് തല്ലി. ആ സമയത്ത് നമ്മൾ മരണവെപ്രാളത്തിൽ പലതും ചെയ്യുമ്പോൾ ചിലപ്പോൾ ഒരു പോറൽ ഒക്കെ വന്നു എന്ന് വരാം. അതായിരിക്കാം ഉണ്ടായത്. എന്റെ മുടിയൊക്കെ പിടിച്ചു വലിച്ചതോക്കെ എനിക്ക് ഓർമയുണ്ട്. എന്റെ കൈയിലും ചുണ്ടിലും ചോര വന്ന കുറെ ഫോട്ടോ ഞാൻ എടുത്തിരുന്നു. അതുപോലെ തന്നെ എന്റെ മുഖത്ത് നീര് വന്നത് ഞാൻ ഫോട്ടോ എടുത്തു വച്ചിട്ടുണ്ടായിരുന്നു.

പുള്ളി ഇങ്ങനെ പിച്ചി മാന്തി എന്നു പറഞ്ഞ കുറെ ഫോട്ടോകൾ പൊലീസുകാർക്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. അത് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ട് പുള്ളി കേസ് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ പേരിൽ പരാതി ഉണ്ട് എന്നൊക്കെ പറഞ്ഞിട്ടാണ് എനിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളി വരുന്നത്. എന്നെ അടിച്ചിട്ട് അയാൾ പോകുമ്പോൾ ഞാനും പൊലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. ഞാൻ വിളിച്ച സമയത്തുള്ള കാമറ നോക്കിയാൽ അയാൾ ഇറങ്ങിപ്പോകുന്നത് കാണാം.

പൊലീസുകാർ വന്നപ്പോൾ എന്റെ മുഖത്തെ നീര് കണ്ടിട്ടാണ് എന്നോട് അന്ന് പരാതി എഴുതികൊടുക്കാൻ പറഞ്ഞത്. അന്ന് വന്ന പൊലീസുകാർ ഭയങ്കര നല്ല ആൾക്കാരായിരുന്നു. ഞാൻ അതിനു മുമ്പും ഇവരെ വിളിച്ചിട്ടുണ്ടായിരുന്നു.ഇയാൾ അതിനു മുൻപ് രണ്ട് ചെക്കന്മാരെ അടിച്ച് അവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി, പൊലീസ് കേസ് ഒക്ക ഉണ്ടായിരുന്നു. അപ്പുറത്തെ വീട്ടിൽ നിന്ന് ഹെൽമെറ്റ് എന്തോ അവർ എടുത്തിട്ട് പോയി എന്നൊക്കെ പറഞ്ഞിട്ട് ആണ് അവരെ വിളിപ്പിച്ചു വരുത്തി തല്ലിയത്. ശരിക്കും ഇയാളെ കാണാൻ വേണ്ടി അവർ വീട്ടിൽ വന്നതാണ്.

പോകുമ്പോൾ അവരുടെ ഹെൽമെറ്റ് എടുത്തിട്ടാണ് പോയത്. പക്ഷേ, വീട്ടിൽ ഇരുന്ന ഹെൽമെറ്റ് എടുത്തുകൊണ്ടുപോയി എന്നുപറഞ്ഞാണ് അവരെ അടിച്ചത്. അന്ന് ഞാൻ വല്ലാതെ പേടിച്ചുപോയി. അവരെ ഇയാൾ ഒരുപാട് തല്ലി. ഞാൻ പിന്നെ പോയി ഇയാളെ കെട്ടിപ്പിടിച്ചിട്ടാണ് തിരിച്ചു കൊണ്ടുവന്നത്. അവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി. പിറ്റേന്ന് ഇയാൾ ഒരു കട ഉദ്ഘാടനത്തിന് പോവുകയാണ്. എനിക്ക് വീട്ടിലിരിക്കാൻ പേടിയായി. ഞാൻ അന്ന് ഒരു 21 ദിവസം ആ ആശുപത്രിയിൽ‌ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഞാൻ ലീവ് എടുത്തു.

ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്. ഇയാൾ ആണെങ്കിൽ എയർ ഗൺ ഒക്കെ കൊണ്ടാണ് നടപ്പ്. ആളും പേടിച്ചിരുന്നു. അതുകൊണ്ട് ബ്ലാക്ക് ക്യാറ്റിനെ ഒക്കെ വിളിച്ച് വീണ്ടും വേറെ രണ്ടു മൂന്ന് പയ്യന്മാരുമായിട്ടാണ് പോയത്. വീട്ടിൽ ഒറ്റയ്ക്കിരുന്നപ്പോൾ അപ്പുറത്തെ വീട്ടുകാർ എന്നോട് പറഞ്ഞു, ആരോ വന്നു വാതലിൽ മുട്ടി അപ്പുറത്തെ വീട്ടിലത്തെ ചേച്ചിയോട് എന്തോ ചോദിച്ചു എന്ന്. എനിക്ക് പേടിയായി. ഇയാളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. അസിസ്റ്റന്റിനെ വിളിച്ചിട്ടും കിട്ടിയില്ല. ഞാനും വരട്ടെ എന്ന് ചോദിച്ചപ്പോൾ, വരണ്ട എന്ന് പറഞ്ഞു.

പുള്ളി സ്വന്തം സുരക്ഷ മാത്രം നോക്കി പോയി. പക്ഷേ, എന്നെ കൊണ്ടുപോകാതെ പോകാനുള്ള കാരണങ്ങൾ വേറെയുണ്ട്. വേറെ കുറച്ച് ആൾക്കാർ ഒപ്പം ഉണ്ടായിരുന്നു. അത് ഞാൻ ഇവിടെ പറയുന്നില്ല. കുറച്ച് സസ്പെൻസുകൾ ഇരിക്കട്ടെ. അതുകഴിഞ്ഞിട്ട് ഞാൻ പുള്ളിയുടെ അമ്മയെ വിളിച്ചു. അപ്പോൾ അവർ പറഞ്ഞു, പ്രാർഥിക്ക് എന്ന്. പിന്നീടു ഞാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. പൊലീസ് വിളിച്ചപ്പോൾ അയാൾ വേഗം ഫോൺ എടുത്ത് വീട്ടിലേക്ക് വന്നു.

ഇതിനിടയിൽ ‘നിങ്ങൾ ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ വിളിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് എന്താ വട്ടാണോ’ എന്നാണ് എന്നോട് ചോദിക്കുന്നത്. ഞാൻ എന്റെ ജീവന് അപായം തോന്നിയ സമയത്താണ് അന്ന് വിളിച്ചത്. അന്ന് മുഷ്ടി ചുരുട്ടി ആണ് എന്റെ മുഖത്ത് ഇടിച്ചത്. മാത്രമല്ല എന്റെ കഴുത്ത് പിടിച്ച് ഞെരിക്കുകയും എന്റെ വിരൽ പിടിച്ച് ഒടിക്കാൻ നോക്കുക, മുടി പിടിച്ചിട്ട് വലിക്കുക അങ്ങനെ കുറെ ഉപദ്രവിച്ചിരുന്നു. നമുക്ക് ഒരു ജീവാപായം തോന്നുമ്പോൾ പൊലീസിനെ അല്ലാതെ പിന്നെ ആരെയാണ് വിളിക്കുക? ഇയാളുടെ കൂടെ ജീവിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.

സാധാരണക്കാരായ ജനങ്ങൾക്ക് ഇവിടെ നീതി ലഭിക്കില്ല. ഗുജറാത്തിലെ പൊലീസ് അടിപൊളിയാണ്. ഞാൻ എന്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ അവർ പറഞ്ഞു, ഞങ്ങൾ ശരിയാക്കാം. ഞാൻ പറഞ്ഞു, ഭയങ്കര പിടിപാടുള്ള ആൾക്കാരാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ഞങ്ങൾക്ക് ഇത് കേട്ടിട്ടൊന്നും സഹിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു. പിന്നെ നിങ്ങൾ ഇങ്ങനെ വിഷമിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. പോയിട്ട് അഞ്ചോ ആറോ ഏഴോ കല്യാണം കഴിക്ക്.

ഒരു കുഴപ്പവുമില്ല സിസ്റ്റർ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിക്ക്. ഇനി ഈ കേസ് ആയിട്ടു മുന്നോട്ട് പോകണം എങ്കിൽ ഞങ്ങളെ വിളിച്ച് പറഞ്ഞാലും മതി എന്ന് പറഞ്ഞു. എനിക്ക് അങ്ങനത്തെ ഒരു പ്രതികരണം ഇവിടുന്ന് കിട്ടിയിട്ടില്ല.ഞാനിപ്പോൾ ഇതെല്ലം തുറന്നു പറയുന്നതിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്ന് എനിക്ക് അറിയില്ല. എന്റെ വീട്ടിൽ നിന്ന് കേസുകൾ ഒന്നും മുൻപൊന്നും കൊടുത്തിട്ടില്ല. ഓരോ കമന്റ് വായിച്ചു വരുമ്പോൾ ഇമോഷനൽ ആയി ഞാൻ ഇത്രയും പറഞ്ഞതാണ്.

ഇതൊക്കെ തെറ്റായി പോയോ എന്ന് എനിക്കറിയില്ല. പിന്നെ നിങ്ങൾ എനിക്ക് ബോധമില്ല എന്ന് പറഞ്ഞത് കാരണം കുഴപ്പമില്ല. പക്ഷേ, ബോധമില്ലാത്ത ആൾക്കാരെ കൺസെന്റ് ഇല്ലാതെ മറ്റേ പരിപാടി ചെയ്യുന്നത് കുറ്റകൃത്യം ആണെന്നാണ് ഞാൻ ഫോറൻസിക് പഠിച്ചപ്പോൾ പഠിച്ചത്. അപ്പോൾ എനിക്ക് ബോധമില്ല എങ്കിൽ നിങ്ങൾ എന്നോട് ചെയ്തതെല്ലാം കുറ്റകൃത്യമാണ്. എനിക്കിപ്പോൾ നീതി കിട്ടുമെന്നൊന്നും യാതൊരു പ്രതീക്ഷയും ഇല്ല. എന്നെ പിന്തുണച്ച് ഒരുപാടുപേർ വരുന്നുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. എന്റെ ബന്ധുക്കൾ പോലും ചെയ്യാത്ത സഹായങ്ങൾ ചെയ്യാമെന്ന് പറഞ്ഞു കുറേപ്പേർ വരുന്നുണ്ട്.

ചിലർക്ക് ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന് പേടി ഉണ്ട്. പക്ഷെ ഞാൻ അതൊക്കെ ചെയ്യാനാണെങ്കിൽ മുൻപ് ഇയാളുടെ കൂടെ ജീവിക്കുമ്പോൾ ചെയ്യുമായിരുന്നു. അതിൽ കൂടുതൽ ഒന്നും ഇനി പറ്റാനില്ല. അതിൽ കൂടുതലൊക്കെ ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇനി എന്തായാലും കുഴപ്പമില്ല. ഇനിയിപ്പോൾ എന്നെ കൊന്നാലും എന്റെ തുണിയില്ലാത്ത ചിത്രം ഇട്ടാലും കുഴപ്പമില്ല. ഇനി എല്ലാം നേരിടാൻ ഞാൻ തയാറാണ്.

ആ തരത്തിൽ എന്നെ ആക്കി മാറ്റി. പക്ഷേ, ഒരുകാര്യം എനിക്ക് പറയാതിരിക്കാൻ വയ്യ. എനിക്ക് എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് അറിയുമോ? അത് നിങ്ങൾക്ക് അറിയില്ല എന്ന് മാത്രം പറയരുത്. ആ എന്നോട് എങ്ങനെ ഇതൊക്കെ പറയാൻ പറ്റി എന്ന് ആലോചിക്കുമ്പോഴാണ് എനിക്ക് സങ്കടം."

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com